/sathyam/media/post_attachments/qftwJxnL5Awp82vpQ05d.jpg)
മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ നടി അനന്യ പാണ്ഡെയെ എൻസിബി ഉദ്യോഗസ്ഥർ രണ്ട് മണിക്കൂർ ചോദ്യം ചെയ്തു. നാളെ രാവിലെ 11 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
നാല് മണിയോടെയാണ് പിതാവും നടനുമായ ചങ്കി പാണ്ഡെയ്‌ക്ക് ഒപ്പം അനന്യ എൻസിബി ഓഫീസിലെത്തിയത്. രണ്ട് മണിക്ക് എത്താനായിരുന്നു നിർദ്ദേശമെങ്കിലും അനന്യയുടെ വീട്ടിലെ എൻസിബി റെയ്ഡും മറ്റ് നടപടികളുമാണ് വൈകിപ്പിച്ചത്.
വീട്ടിലെ റെയ്ഡിൽ ലാപ്ടോപ്പും മൊബൈലും ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെയും ഒപ്പം അറസ്റ്റിലായവരുടെയും മൊബൈലിലെ വാട്സ്ആപ്പ് ചാറ്റിൽ നിന്നാണ് അനന്യയുടെ പങ്കിനെക്കുറിച്ച് എൻസിബി ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം.
ഒക്ടോബർ രണ്ടിനാണ് മുംബൈയിൽ ആഢംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ എൻസിബി റെയ്ഡ് നടത്തിയതും ആര്യൻ ഖാൻ ഉൾപ്പെടെ പിടിയിലായതും. അനന്യയുടെ മൊബൈലിൽ നിന്നും ലാപ്‌ടോപ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ആ്‌ര്യൻ ഖാനെതിരായ ശക്തമായ തെളിവുകളാകും.