മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ആര്യന്റെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതിയും, പ്രത്യേക എൻഡിപിഎസ് കോടതിയും തള്ളിയിരുന്നു.
കേസിൽ ആര്യൻ ഖാന്റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 30 വരെ പ്രത്യേക കോടതി നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം ആവശ്യപ്പെട്ട് ആര്യന്റെ അഭിഭാഷകൻ സതീഷ് മനേഷിൻഡെ ഹൈക്കോടതിയെ സമീപിച്ചത്.
മയക്കുമരുന്ന് കേസിൽ നർകോട്ടിക് കൺട്രോൾ ബ്യൂറോയ്‌ക്ക് തെളിവുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും, വാട്സ്ആപ്പ് ചാറ്റുകൾ എൻസിബി ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും ആര്യൻ ഖാൻ ജാമ്യാപേക്ഷയിൽ പറയുന്നു.
ആര്യൻ ഖാൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും, ലഹരി ഇടപാടുകൾ നിരന്തരമായി നടത്തിയിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ജാമ്യം നിഷേധിച്ചത്. എന്നാൽ ആര്യൻ ഖാനെതിരെ കൃത്യമായ തെളിവുകൾ കണ്ടെത്താൻ എൻസിബിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ പറയുന്നത്.
തെളിവുകൾ ഉണ്ടാക്കാൻ വാട്സ്ആപ്പ് ചാറ്റുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. പ്രതികളായ അർബാസ് മർച്ചന്റ്, അജിത് കുമാർ എന്നിവരൊഴികെ മറ്റാരുമായും തനിക്കു ബന്ധമില്ല. ജാമ്യത്തിൽ പുറത്തിറങ്ങിയാൽ അന്വേഷണത്തെ അട്ടിമറിക്കുമെന്ന എൻസിബി ആരോപണം ശരിയല്ലെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെയാണ് അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തത്.