മുംബൈ: ആഡംബര കപ്പലിലെ ലഹരിവേട്ടക്കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ രണ്ട് ദിവസത്തിനുള്ളിൽ ജയിൽമോചിതനായേക്കും. ഇന്ന് വൈകിട്ടോ നാളെയോ ജയിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞേക്കുമെന്നാണ് സൂചന.
ജാമ്യം ലഭിച്ചതിന് പിന്നാലെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ആര്യന്റെ അഭിഭാഷകർ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ജാമ്യം അനുവദിച്ചതിന്റെ ഔദ്യോഗിക ഉത്തരവ് ബോംബെ ഹൈക്കോടതിയിൽ നിന്ന് ലഭിച്ചതിന് ശേഷമേ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകൂ. ഉത്തരവ് ജയിലിൽ ഹാജരാക്കേണ്ടതുണ്ട്.
ഇത്തരം നടപടി ക്രമങ്ങൾ പൂർത്തിയാകാൻ രണ്ട് ദിവസങ്ങൾ കൂടി വേണ്ടി വന്നേക്കാമെന്നാണ് നിഗമനം. ജയിൽ മോചിതനായെത്തുന്ന മകനെ സ്വീകരിക്കാൻ കാത്തിരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരവും പിതാവുമായ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. വ്യാഴാഴ്ചയാണ് ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ എട്ടാം തിയതി മുതൽ ആർതർ റോഡ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ആര്യൻ. നിരവധി തവണ ജാമ്യഹർജി നൽകിയെങ്കിലും തള്ളിയിരുന്നു. ഒടുവിൽ കീഴ്‌ക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ജാമ്യം ലഭിച്ചത്. ലഹരി പാർട്ടിക്കിടെ ആര്യനൊപ്പം എൻസിബിയുടെ കസ്റ്റഡിയിലായ സുഹൃത്ത് അർബാസ് മെർച്ചന്റ്, മോഡൽ മുൻമുൻ ധമേച്ച എന്നിവർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.