മുംബൈ : ബോളിവുഡ് താരം ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്‌ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുംബൈയിലെ വ്യവസായി നിതിൻ ബരായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാന്ദ്ര പോലീസ് നടപടി സ്വീകരിച്ചത്.
ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും ചേർന്ന് ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പരാതിയിൽ പറയുന്നു. 2014 ൽ നിതിൻ ബരായി നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് പരാതി. എസ്എഫ്എൽ ഫിറ്റനസ് കമ്പനി ഡയറക്ടർ കാസിഫ് ഖാൻ, ശിൽപ ഷെട്ടി, രാജ് കുന്ദ്ര എന്നിവർ ചേർന്ന് 1.51 കോടി രൂപ നിക്ഷേപം നടത്താൻ നിതിനോട് ആവശ്യപ്പെടുകയായിരുന്നു.
എസ്എഫ്എൽ കമ്പനി ഒരു ഫ്രാഞ്ചൈസിയും കൊറേഗാവിലും ഹഡപ്‌സറിലും ജിമ്മും സ്പായും നൽകാമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപം നടത്തിയത്. എന്നാൽ ഇവർ ഇതുവരെ വാക്ക് പാലിച്ചില്ല. നിക്ഷേപവുമായി ബന്ധപ്പെട്ട് പിന്നീട് വിവരം ലഭിക്കാഞ്ഞതോടെ പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു.
വഞ്ചനാക്കുറ്റം, ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു.
അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് വിവിധ കമ്പനികൾക്ക് ഇയാൾ വിൽപ്പന നടത്തിയിരുന്നു. തുടർന്ന് ഇയാൾക്കെതിരെ ആരോപണങ്ങളുമായി നിരവധി മോഡലുകളും രംഗത്തെത്തി. കുന്ദ്രയെ കൂടാതെ കേസിൽ മറ്റ് 11 പേർ അറസ്റ്റിലായിരുന്നു. നിലവിൽ ഇയാൾ ജാമ്യത്തിലാണ്.