ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണ ആഘാതത്തില്‍ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞെങ്കിലും പതറാതെ അദാനി ഗ്രൂപ്പ്

author-image
admin
New Update

publive-image

Advertisment

മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കഴിഞ്ഞ ദിവസം നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞെങ്കിലും വെള്ളിയാഴ്ച ആരംഭിച്ച തുടര്‍ (ഫോളോഓണ്‍) ഓഹരി വില്‍പന (എഫ്.പി.ഒ) മുന്‍നിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

20,000 കോടി രൂപയുടെ സമാഹരണം ഉന്നമിട്ട് അദാനി എന്റര്‍പ്രൈസസിന്റെ എഫ്.പി.ഒയാണ് ആരംഭിച്ചത്. സമാഹരണം ലക്ഷ്യംകണ്ടാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ എഫ്.പി.ഒയാകും. 2020 ജൂലായില്‍ യെസ് ബാങ്ക് സമാഹരിച്ച 15,000 കോടി രൂപയാണ് പഴങ്കഥയാവുക.

അദാനിയുടെ എഫ്.പി.ഒയില്‍ വെള്ളിയാഴ്ച ഒരുശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. 31 വരെയാണ് എഫ്.പി.ഒ. ഓഹരി വില്‍പന നീട്ടിവയ്ക്കാനും ഇഷ്യൂ വില കുറയ്ക്കാനും ബാങ്കുകളില്‍ നിന്ന് അദാനിക്കുമേല്‍ സമ്മര്‍ദ്ദമുണ്ട്.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പിറവിയുടെ കഥ ഇങ്ങനെ

നാഥന്‍ ആന്‍ഡേഴ്‌സണ്‍ (38) എന്ന അമേരിക്കക്കാരന്‍ 2017ലാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന് തുടക്കമിട്ടത്. ഓഹരി, കടപ്പത്രം തുടങ്ങിയവയിലെ തട്ടിപ്പുകള്‍ വെളിച്ചത്തു കൊണ്ടുവരികയാണ് പ്രധാനലക്ഷ്യം. 1937ലെ ഹിന്‍ഡന്‍ബര്‍ഗ് വിമാനദുരന്തത്തില്‍ നിന്ന് കടമെടുത്താണ് കമ്പനിക്ക് ആന്‍ഡേഴ്‌സണ്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന് പേരിട്ടത്.

ഹിന്‍ഡന്‍ബര്‍ഗ് വിമാനദുരന്തം മനുഷ്യനിര്‍മ്മിതമായിരുന്നു എന്ന വാദമുണ്ട്. ‘ഓഹരികളിലെ മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍’ പുറത്തുകൊണ്ടുവരുകയാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ലക്ഷ്യം.

പേടിസ്വപ്നമായി ഷോര്‍ട്ട് സെല്ലിംഗ്

അദാനിക്കെതിരെ ആരോപണമുന്നയിച്ച ഹിന്‍ഡന്‍ബര്‍ഗ് ‘ഷോര്‍ട്ട്സെല്ലിംഗ്’ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഓഹരികള്‍ യഥാര്‍ത്ഥ ഉടമയില്‍ നിന്ന് കടംവാങ്ങുകയും കൂട്ടത്തോടെ വിറ്റഴിച്ച് വിലയിടിക്കുകയും ചെയ്യുന്ന തന്ത്രമാണിത്. വില ഇടിഞ്ഞശേഷം വീണ്ടും വന്‍തോതില്‍ വാങ്ങും. തുടര്‍ന്ന് യഥാര്‍ത്ഥ ഉടമയ്ക്ക് തിരികെനല്‍കി ലഭമെടുക്കും. അദാനിക്കുമേലും ഹിന്‍ഡന്‍ബര്‍ഗിന്റെ ഷോര്‍ട്ട്സെല്ലിംഗ് ഉണ്ടായെന്നാണ് സൂചനകള്‍.

ഹിന്‍ഡന്‍ബര്‍ഗിന് ചില വന്‍കിട നിക്ഷേപകരുടെ പിന്തുണയുണ്ടെന്നും അവരാണ് ഷോര്‍ട്ട്സെല്ലിംഗിലൂടെ ലാഭംകൊയ്യുന്നതെന്നും ആരോപണങ്ങളുണ്ട്.

ആരോപണവും വെല്ലുവിളിയും

ഓഹരിവില പെരുപ്പിച്ച് കാട്ടുക, അത് ഈടുവച്ച് വായ്പയെടുക്കുക, കടലാസ് (ഷെല്‍) കമ്പനികള്‍ ആരംഭിച്ച് പണംതിരിമറി നടത്തുക, നികുതിവെട്ടിക്കുക തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് അദാനിക്കുമേല്‍ ഹിന്‍ഡന്‍ബര്‍ഗ് പൊട്ടിച്ചത്. ഇതോടെ അദാനി ഓഹരികളില്‍ കനത്തവില്പന സമ്മര്‍ദ്ദമുണ്ടായി. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഓഹരികളില്‍ നിന്ന് 4.18 ലക്ഷം കോടി രൂപയും കൊഴിഞ്ഞു. ലോക സമ്പന്നരില്‍ രണ്ടാംസ്ഥാനത്തായിരുന്ന അദാനി ഏഴാംസ്ഥാനത്തായി.

അതേസമയം, ആരോപണങ്ങള്‍ അവാസ്തവമാണെന്നും എഫ്.പി.ഒ തകര്‍ക്കുകയാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ലക്ഷ്യമെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.

Advertisment