കുമാരനാശാൻ്റെ കവിതകളിലെ നായികമാർ ശക്തരും ജീവിതത്തിൻ്റെ പൊരുൾ തേടിയവരുമെന്ന് കഥാകൃത്ത് വി.ആർ സുധീഷ്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: കുമാരനാശാൻ്റെ കവിതകളിലെ നായികമാർ ശക്തരും ജീവിതത്തിൻ്റെ പൊരുൾ തേടിയവരും ആയിരുന്നുവെന്ന് പ്രശസ്ത കഥാകൃത്ത് വി ആർ സുധീഷ് പറഞ്ഞു. വസായ് പ്രതീക്ഷ ഫൗണ്ടേഷൻ ബി കെ എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പതിനൊന്നാമത് സാഹിത്യ ശില്പശാലയായ എഴുത്തകം - 2023 ൽ കുമാരനാശാൻ ചരമശതാബ്ദി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സൗഹൃദത്തിൻ്റെയും പ്രണയത്തിൻ്റെയും ദൃഢതയും പവിത്രതയും ആശാൻ്റെ ഓരോ കവിതകളിലും കാണാൻ കഴിയും. സൗഹൃദവും പ്രണയവും വില്പന ചരക്കുകളായ ഈ കാലത്ത് ആശാൻ കവിതകളെ ഇന്നത്തെ യുവതലമുറ എങ്ങനെ ഉൾക്കൊള്ളുമെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തകം 2023 ഭദ്രദീപം കൊളുത്തി വി ആർ സുധീഷ് ഉത്ഘാടനം ചെയ്തു. നോവലിസ്റ്റും കഥാകൃത്തുമായ സി പി കൃഷ്ണകുമാർ അധ്യക്ഷനായിരുന്നു. വി ആർ സുധീഷിന്റെ കഥകളെയും കഥാകഥന രീതികളെയും പറ്റി സി പി കൃഷ്ണകുമാർ സംസാരിച്ചു. മാദ്ധ്യമ പ്രവർത്തകരായ എൻ.ശ്രീജിത്ത്, അഭിലാഷ് ജി നായർ , കാട്ടൂർ മുരളി എന്നിവർ ആശംസ പ്രസംഗം നടത്തി.

കുമാരനാശാനെയും അദ്ദേഹത്തിൻ്റെ കവിതകളെയും ആസ്പദമാക്കി ചെയ്ത ആശാൻ ചരമശതാബ്ദി പ്രഭാഷണത്തിനെപ്പറ്റിയുള്ള അഭിപ്രായങ്ങളും സംശയങ്ങളും പങ്കെടുത്തവർ വി ആർ സുധീഷിനോട് പങ്ക് വയ്ക്കുകയും അദ്ദേഹം അതിന് മറുപടി നല്കുകയും ചെയ്തു.

പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ ബി ഉത്തംകുമാർ സ്വാഗതവും ശില്പശാല കൺവീനർ രാജേന്ദ്രൻ കുറ്റൂർ നന്ദിയും പറഞ്ഞു. തുടർന്ന് വായനയും കോവിഡും എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച നടന്നു. ബാബു മാത്യു അവതരിപ്പിച്ച വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ വി ആർ സുധീഷ് , സി പി കൃഷ്ണകുമാർ , എൻ ശ്രീജിത്ത്, അഭിലാഷ് ജി നായർ, കാട്ടൂർ മുരളി, രാജേന്ദ്രൻ കുറ്റൂർ, ഷീജ മാത്യു, മിനി തോമസ്, പ്രമീള നമ്പ്യാർ, പ്രേംരാജ്, പി വി ബാബു, ശ്രീകണ്ഠൻ നായർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

എഴുത്തകം 2023 ൽ പങ്കെടുത്ത വിശിഷ്ടാതിഥികൾക്ക് പ്രതീക്ഷ ഫൗണ്ടേഷൻ വക ഉപഹാരങ്ങൾ സമ്മാനിച്ചു. മുംബൈയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി സാഹിത്യ ആസ്വാദകർ ശില്പശാലയിൽ പങ്കെടുത്തു.

Advertisment