മുംബൈ: രണ്ട് പെൺകുട്ടികൾക്കൊപ്പം മോട്ടോർ സൈക്കിളിൽ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ 24കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോ ശ്രദ്ധയില്‍ പെട്ട പൊലീസ് ഞായറാഴ്ച യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിക്കെതിരെ ആന്റോപ് ഹിൽ, വഡാല ടിടി പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നഗരത്തിലെ ബാന്ദ്ര കുർള കോംപ്ലക്‌സ് (ബികെസി) ഏരിയയില്‍ രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. റോഡിലൂടെ പെണ്‍കുട്ടികളെ മുന്നിലും പിന്നിലുമിരുത്തി ബൈക്ക് ഓടിക്കുകയാണ് യുവാവ്. ബൈക്കിന്‍റെ മുന്‍നിരയിലെ ചക്രം മുകളിലേക്ക് ഉയര്‍ത്തിയായിരുന്നു യുവാവിന്‍റെ അഭ്യാസപ്രകടനം. മൂന്നു പേരും ഹെല്‍മെറ്റ് വച്ചിരുന്നില്ല. വീഡിയോ പുറത്തുവന്നതോടെ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പിടികൂടാൻ ഒരു സംഘം രൂപീകരിക്കുകയും ചെയ്തു.
രഹസ്യവിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഐപിസി 308 (കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം), മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.