മുംബൈ:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന വംശീയ ആക്രമണവും ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെ നടക്കുന്ന ആക്രമണവും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ക്രിസ്ത്യന്‍ സമൂഹം സംയുക്തമായി ഏപ്രിൽ 12 ന് മുംബെയിലെ ആസാദ് മൈതാനത്തു നടത്തിയ റാലിയില്‍ പതിനായിരത്തിനടുത്ത് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പങ്കെടുത്തു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഇത്തരം അക്രമസംഭവങ്ങളും ന്യൂനപക്ഷ പീഢനവും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നു പ്രതിഷേധയോഗം ആവശ്യപ്പെട്ടു. ഇന്ത്യയുടെ മതേതരത്വ സ്വഭാവം സംരക്ഷിക്കണമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എല്ലാ ക്രിസ്തീയ വിഭാഗങ്ങളെയും പ്രതിനിധീകരിച്ചാണ് ആസാദ് മൈതാനിയില്‍ പ്രതിനിധികൾ എത്തിയതെന്ന് സംഘാടകരായ മഹാരാഷ്ട്ര സമസ്ത ക്രിസ്റ്റി സമാജിന്റെ കോർ കമ്മിറ്റി അംഗം ജോജോ തോമസ് അറിയിച്ചു.
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കണമെന്നും ജീവിക്കാനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം - ജോജോ തോമസ് പറഞ്ഞു.
രാഷ്ട്രീയത്തിന് ഉപരിയായി നടന്ന ഈ പ്രതിഷേധ മാർച്ചിൽ വിവിധ പാർട്ടികളിൽ പ്രവർത്തിക്കുന്ന ക്രിസ്തീയ മതവിശ്വാസികളടക്കമുള്ളവരാണ് ഒത്തു ചേർന്നത്. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (എംപിസിസി) ജനറൽ സെക്രട്ടറി കൂടിയായ ജോജോ തോമസ് താൻ പാർട്ടി അംഗം എന്ന നിലയിലല്ല മറിച്ച് ഒരു ക്രിസ്തീയ മതവിശ്വാസി എന്ന നിലയിലാണ് ഈ ജാഥയുടെ സംഘാടനത്തിൽ പങ്കു വഹിച്ചത് എന്ന് വ്യക്തമാക്കി.
എന്നാല്‍ ഈ പ്രതിഷേധത്തെ കണ്ടെന്നു നടിക്കാനോ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആവലാതികള്‍ കേള്‍ക്കാനോ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി - സേനാ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു വന്നു പ്രതിഷേധത്തിനായി ഒത്തു കൂടിയ ക്രിസ്ത്യന്‍ വിശ്വാസികളോട് സംസാരിക്കാന്‍ പ്രതിനിധി സംഘത്തെ അയയ്ക്കുന്നതിനോ ക്രിസ്ത്യന്‍ സമാജിന്റെ പ്രതിനിധികള്‍ കാണാന്‍ അനുമതി ആവശ്യപ്പെട്ടിട്ട് അനുമതി നല്‍കുന്നതിനോ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ജോജോ തോമസ് അരോപിച്ചു.
ഈ പ്രതിഷേധത്തെക്കുറിച്ച് ആഴ്ചകൾക്ക് മുമ്പ് തന്നെ സര്‍ക്കാരിന് അറിയിച്ച് അനുമതി നേടിയതാണ്. എന്നിട്ടും ക്രൈസ്തവ സമൂഹത്തോട് തികച്ചും അവഗണനാപരമായ നിലപാടുകളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. എന്നാല്‍ വംശീയ ആക്രമണങ്ങള്‍ക്കു വിധേയരാകുന്ന ക്രിസ്തീയ സമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തുഷാര്‍ ഗാന്ധിയടക്കമുള്ള പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകര്‍ ആസാദ് മൈതാനില്‍ എത്തിച്ചേര്‍ന്നിരുന്നു.
കേരളം പോലെ ക്രിസ്ത്ീയര്‍ ശക്തമായ വോട്ടു ബാങ്കായ സ്ഥലങ്ങളില്‍ ബിഷപ്പുമാരെയും കര്‍ദിനാള്‍മാരെയും സന്ദര്‍ശിച്ചു പിന്തുണ ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പിന്റെ പ്രതിഫലനത്തിന് സാക്ഷിയായി ഇന്നെലത്തെ റാലി.
വംശീയ വിദ്വേഷം നിലനിര്‍ത്തുമ്പോള്‍ തന്നെ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നു ബി.ജെപി തെളിയിക്കുകയാണ്. ബി.ജെപി ഭരിക്കുന്ന മണിപ്പൂരില്‍ പള്ളികള്‍ തകര്‍ക്കപ്പെടുന്നു. ഇതില്‍ നിന്ന് പ്രീണനത്തിന്റെ യഥാര്‍ഥ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട് - ജോജോ തോമസ് പറഞ്ഞു.