ഇന്ത്യൻ ബഹിരാകാശ ഗവേഷണ കൗൺസിൽ അതായത് ഐഎസ്ആർഒയുടെ ചന്ദ്രയാൻ -3 ജൂലൈ 14 ന് ഉച്ചയ്ക്ക് 2.35 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിക്കുകയാണ്.
ഐഎസ്ആർഒയുടെ ആദ്യ രണ്ട് ദൗത്യങ്ങൾക്ക് ശേഷമുള്ള മൂന്നാമത്തെ ശ്രമമാണിത്, ഇത് ചന്ദ്രയാൻ -2 ന്റെ തുടർ ദൗത്യമാണ്.
ഇത്തവണ , ISRO ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ശ്രമത്തിലാണ്, റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങൾ മാത്രമാണ് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
ഇതോടൊപ്പം, ഈ വർഷം ഓഗസ്റ്റിൽ സൂര്യനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ വിക്ഷേപണദൗത്യമായ ആദിത്യ-എൽ 1 യും വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ പ്രഖ്യാപിച്ചു.
ചന്ദ്രയാൻ-3 ബഹിരാകാശ പേടക വിക്ഷേപണത്തിനുമുന്നോടിയായുള്ള പരീക്ഷണങ്ങളെല്ലാം പൂർത്തി യായതായി ISRO ചെയർമാൻ ശ്രീ എസ് സോമനാഥ് അറിയിച്ചു.
ചന്ദ്രയാൻ -3 ന്റെ മൊത്തം ബജറ്റ് ഏകദേശം 615 കോടി രൂപയാണ്. ഈ ദൗത്യത്തിന് മൂന്ന് പ്രധാന ലക്ഷ്യങ്ങളാ ണുള്ളത് :
1 . ചന്ദ്രയാൻ-3 ന്റെ ലാൻഡറിന്റെ സുരക്ഷിതവും വളരെ സോഫ്റ്റുമായ ലാൻഡിംഗ്.
2 . റോവറിനെ ചന്ദ്രോപരിതലത്തിൽ ഓടിക്കുക.
3 . മറ്റുള്ള ശാസ്ത്രീയമായ പരിശോധനകൾ..
ചന്ദ്രയാൻ-2 പോലെ ചന്ദ്രയാൻ-3 ലും ഒരു ലാൻഡറും (ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ഒരു ബഹിരാകാശ പേടകം) ഒരു റോവറും (ചന്ദ്രോപരിതലത്തിൽ ചുറ്റി സഞ്ചരിക്കുന്ന ഒരു പേടകം) ഉണ്ടാകും.
ചന്ദ്രോപരിതലത്തിൽ എത്തിയാലുടൻ ലാൻഡറും റോവറും അടുത്ത ഒരു ചാന്ദ്ര ദിവസത്തേക്ക് അതായത് 14 ഭൗമദിനങ്ങൾക്കുള്ളിൽ പ്രവർത്തനക്ഷമമാകും.
ചന്ദ്രന്റെ ദക്ഷിണധ്രുവമേഖലയിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയാണ് ഐഎസ്ആർഒയുടെ ചാന്ദ്രദൗത്യ ത്തിന്റെ ലക്ഷ്യം.
2019 സെപ്റ്റംബറിൽ ചന്ദ്രയാൻ-2 ചന്ദ്രനിൽ ഇറക്കാൻ ഐഎസ്ആർഒ ശ്രമിച്ചെങ്കിലും അതിന്റെ വിക്രം ലാൻഡറിന് കേടുപാടുകൾ സംഭവിക്കുകയായിരുന്നു.
ഒരു ബഹിരാകാശപേടകം ചന്ദ്രനിൽ ഇറങ്ങുക രണ്ടുതരത്തിലാണ്. ഒന്ന്, ബഹിരാകാശ പേടകത്തിന്റെ വേഗത കുറച്ച് അത് ക്രമേണ ചന്ദ്രന്റെ ഉപരിതലത്തിൽ മെല്ലെമെല്ലെ വിജയകരമായി ഇറങ്ങുകയും ചെയ്യുന്ന സോഫ്റ്റ് ലാൻഡിംഗാണ്. മറ്റൊന്ന്, ഹാർഡ് ലാൻഡിംഗ്.അതായത് മറ്റു മാർഗ്ഗങ്ങളൊന്നുമില്ലാത്ത സാഹചര്യ ത്തിൽ അതീവവേഗതയിൽ പേടകം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറക്കുന്നു. ഇതിൽ പേടകം തകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
പരാജയപ്പെട്ട കഴിഞ്ഞ ചന്ദ്രയാൻ-2-ൽ നിന്ന് പഠിച്ച പാഠങ്ങളുടെ അടിസ്ഥാനത്തിൽ, ISRO ചന്ദ്രയാൻ -3 ദൗത്യത്തിന്റെ രൂപകൽപ്പനയിലും ഘടനയിലും വളരെയേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഈ ദൗത്യം ചന്ദ്രോപരിതലത്തിലെ മണ്ണ്, ജലകണികകൾ തുടങ്ങിയ രാസ മൂലകങ്ങളും പ്രകൃതിയുടെ ഘടനയും മാറ്റങ്ങളും പരിശോധിക്കും.
ശാസ്‌ത്രീയ പരിശോധനയ്‌ക്കായി, ചന്ദ്രനിലെ ഭൂകമ്പങ്ങൾ അളക്കുന്നതിനുള്ള സീസ്‌മോമീറ്റർ ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ പേടകത്തിലുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിലെ താപനിലയും അന്തരീക്ഷത്തിലെ മറ്റ് ഘടകങ്ങളും ശാസ്ത്രജ്ഞർക്ക് അത്തരമൊരു പരീക്ഷണത്തിലൂടെ അറിയാൻ കഴിയും.
ചന്ദ്രയാൻ -3 ന്റെ പരീക്ഷണ നിരീക്ഷണങ്ങൾ അമേരിക്ക, റഷ്യ, ചൈന, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ശാസ്ത്രലോകം വിശകലനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.