ടെറസ്സിൽപോയി കളിച്ചത് മാതാപിതാക്കള്‍ ചോദ്യം ചെയ്തു: ബെംഗളൂരുവിൽ 8 വയസ്സുകാരി പറഞ്ഞ കള്ളം വിനയായത് ഭക്ഷണവിതരണക്കാരന്

New Update

publive-image

ബെംഗളൂരു: രക്ഷിതാക്കൾ വഴക്കുപറയുന്നതിൽ നിന്ന് രക്ഷപ്പെടാൻ എട്ടുവയസ്സുകാരി പറഞ്ഞ കള്ളം വിനയായത് ഭക്ഷണവിതരണ ആപ്പിന്റെ ഡെലിവറി ജീവനക്കാരന്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ പാർപ്പിട സമുച്ചയത്തിൽ ആണ് സംഭവം. ടെറസ്സിൽപോയി കളിച്ചത് ചോദ്യംചെയ്ത രക്ഷിതാക്കളോട് തന്നെ ഭക്ഷണവിതരണക്കാരൻ ടെറസ്സിലേക്ക് ബലമായി കൊണ്ടുപോയെന്നായിരുന്നു കുട്ടിയുടെ വിശദീകരണം. ഇതു വിശ്വസിച്ച് പാർപ്പിട സമുച്ചയത്തിലേക്ക് വന്ന ഭക്ഷണവിതരണക്കാരെ മുഴുവൻ സുരക്ഷാജീവനക്കാർ തടഞ്ഞുനിർത്തി പരിശാധിച്ചു.

Advertisment

ഇതിനിടെ തന്നെ ടെറസ്സിലേക്ക് കൊണ്ടു പോയെന്ന് കുട്ടി പറഞ്ഞ ജീവനക്കാരനെ കുട്ടി തിരിച്ചറിയുകയും ചെയ്തതോടെ അസം സ്വദേശിയായ ജീവനക്കാരന് ക്രൂരമായ മർദനവും ഏൽക്കേണ്ടിവന്നു. തുടർന്ന് പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പാർപ്പിടസമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ടെറസ്സിൽ കാണുന്ന തരത്തിലുള്ള ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല.

രണ്ട് ദിവസത്തിനുശേഷം സമീപത്തെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ പാർപ്പിടസമുച്ചയത്തിലെ ടെറസ്സ് കാണാവുന്ന തരത്തിൽ സ്ഥാപിച്ച ഒരു സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കുട്ടിപറഞ്ഞത് കള്ളമാണെന്ന് കണ്ടെത്താൻ കഴിഞ്ഞത്. കുട്ടി തനിയേ ടെറസ്സിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇതോടെ രക്ഷിതാക്കൾ വഴക്കുപറയുമെന്ന് പേടിച്ച് താൻ കള്ളം പറയുകയായിരുന്നെന്ന് കുട്ടിയും സമ്മതിച്ചു.

സംഭവം പുറത്തറിഞ്ഞതോടെ പാർപ്പിടസമുച്ചയത്തിലെ താമസക്കാർക്കെതിരെയും കുട്ടിയുടെ രക്ഷിതാക്കൾക്കെതിരെയും വ്യാപകവിമർശനങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ ഉയരുന്നത്.

Advertisment