മഹാരാഷ്ട്രയില്‍ തിയറ്ററുകള്‍ തുറക്കാനുള്ള തീരുമാനത്തിന് പിന്നാലെ അക്ഷയ് കുമാറിന്റെ സൂര്യവന്‍ശി റിലീസിന് ഒരുങ്ങുന്നു

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, September 26, 2021

മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ സൂര്യവന്‍ശി റിലീസിന് ഒരുങ്ങുന്നു. മഹാരാഷ്ട്രയില്‍ തിയറ്ററുകള്‍ തുറക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 22 മുതലാണ് സംസ്ഥാനത്ത് തിയറ്റര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രോഹിത്ത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം ദീപാവലിക്കാണ് തിയറ്ററിലെത്തുക.

കഴിഞ്ഞ ദിവസങ്ങളിലായി നടന്ന തിയറ്റര്‍ ഉടമകളും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായുള്ള ചര്‍ച്ചയില്‍ സംവിധായകന്‍ രോഹിത്ത് ഷെട്ടിയും പങ്കെടുത്തിരുന്നു. തിയറ്റര്‍ വീണ്ടും തുറക്കുന്ന തീരുമാനത്തിന് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു അക്ഷയ് കുമാറും രോഹിത്ത് ഷെട്ടിയും ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.

സൂര്യവന്‍ശിയില്‍, വീര്‍ സൂര്യവന്‍ശി എന്ന ഭീകരവിരുദ്ധ സേനാ തലവനെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ രോഹിത്ത് ഷെട്ടിയുടെ സിംഗം, സിംബ എന്നീ ചിത്രങ്ങളിലെ നായകന്‍മാരായ അജയ് ദേവ്ഗണ്‍, റണ്‍വീര്‍ സിംഗ് എന്നിവരും എത്തുന്നുണ്ട്. കത്രീന കൈഫ്, ജാക്കി ഷ്രോഫ്, ഗുല്‍ഷന്‍ ഗ്രോവര്‍, ജാവേദ് ജെഫ്രി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

×