യു.കെയിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് ഇന്ത്യ ഏർപ്പെടുത്തിയ ക്വാറന്റെൻ നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് യുക്മ നിവേദനങ്ങൾ സമർപ്പിച്ചു

New Update

publive-image

യു കെ യിൽ നിന്നും ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഇന്ത്യ ഗവൺമെന്റ് പുതുതായി ഏർപ്പെടുത്തിയ ക്വാറന്റൈൻ നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് യുക്മ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്സ്. ജയശങ്കർ, ആരോഗ്യ മന്ത്രി  മൻസൂഖ് മാൻഡവിയ എന്നിവർ ഉൾപ്പടെയുള്ള ഉന്നതാധികാരികൾക്ക് നിവേദനം സമർപ്പിച്ചു.

Advertisment

2020 മാർച്ചിൽ തുടങ്ങിയ ലോക് ഡൌണും യാത്രാ നിയന്ത്രണങ്ങളും കാരണം നാട്ടിൽ പോകുവാൻ കഴിയാതെ പോയ മലയാളികൾ ഉൾപ്പടെയുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ ഒക്ടോബറിലെ സ്കൂൾ അവധിക്കാലം മുതൽ നാട്ടിൽ പോകുവാനുള്ള തയ്യാറെടുപ്പുകൾ നടത്തി വരവേയാണ് ഇടിത്തീ പോലെ ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങൾ വരുന്നത്. ടിക്കറ്റെടുത്തവരിൽ പലരും നാട്ടിൽ വരുന്നത് രണ്ടോ മൂന്നോ ആഴ്ചത്തേയ്ക്കാണെന്നും, നിയന്ത്രണങ്ങൾ മാറ്റിയില്ലെങ്കിൽ ഭൂരിഭാഗം ആളുകൾക്കും യാത്ര റദ്ദാക്കേണ്ടി വരുന്ന സാഹചര്യമാണെന്നും യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് എന്നിവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 17 മാസങ്ങളായി തുടർന്നിരുന്ന ലോക് ഡൌണും കോവിഡ് വ്യാപനം മൂലമുള്ള യാത്രാ നിയന്ത്രണങ്ങളും കാരണം നാട്ടിലുള്ള മാതാപിതാക്കളേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും ഒക്കെ കാണുവാനുള്ള യുകെയിലെ പ്രവാസികളുടെ മോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയാണ് പുതിയ നിയന്ത്രണങ്ങൾ ഇന്ത്യ ഏർപ്പെടുത്തിയത്. പുതുതായി കൊണ്ടുവന്ന നിയന്ത്രണങ്ങളിൽ എത്രയും പെട്ടെന്ന് ഇളവുകൾ അനുവദിച്ച് യു കെ യിലുള്ള ഇന്ത്യക്കാരെ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് യുക്മ നേതൃത്വം നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.

പുതുക്കിയ യാത്രാ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തുന്നതിന് ഇപ്പോൾ നാട്ടിലുള്ള യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനെ യുക്മ ദേശീയ നേതൃത്വം ചുമതലപ്പെടുത്തി.

യു കെ യിൽ ജോലിക്കായും ഉപരിപഠനത്തിനായും എത്തിയിരിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും അവ പരിഹരിക്കാനുള്ള സജീവ നടപടികൾ സ്വീകരിക്കുന്നതിനും യുക്മ ദേശീയ നേതൃത്വവും, റീജിയണൽ കമ്മിറ്റികളും അംഗ അസ്സോസ്സിയേഷനുകളുമായി ചേർന്ന് മുൻനിരയിൽ തന്നെ പ്രവർത്തിക്കുന്നതായി യുക്മ നേതൃത്വം അറിയിച്ചു.

Advertisment