/sathyam/media/post_attachments/FgLjCNz8NhRNuMlefzYY.jpg)
ന്യൂ ഡൽഹി: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഡൽഹി-എൻസിആറിൽ താമസിക്കുന്ന മലയാളികളായ മാതാപിതാക്കളുടെ പെൺകുട്ടികളുടെ വിവാഹ സ്വപ്‌നം സഫലമാക്കുവാൻ ഡൽഹി മലയാളി അസോസിയേഷന്റെ പുതിയ സംരംഭമായ മാനവ സേവയിൽ അധിഷ്‌ഠിതമായ 'മംഗല്യ ഭാഗ്യ' ആരംഭിക്കുന്നു.
പെൺകുട്ടിയുടെ രക്ഷിതാക്കൾ നിർദ്ദിഷ്ട ഫാറത്തിൽ വിവാഹത്തെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഉൾപ്പെടുത്തി ഡിഎംഎയുടെ ആർകെ പുരത്തെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം. തുടർന്ന് പ്രത്യേകം രൂപീകരിച്ച ഡിഎംഎയുടെ ഉപസമിതി വിവരങ്ങൾ വിശദമായി പരിശോധിക്കുകയും അതിൽ നിന്നും അർഹരയവരെ പരിഗണിക്കുകയും ചെയ്യുന്നതാണ്.
മാല, മോതിരം, രണ്ടു വിവാഹ സാരികൾ, നൂറു പേർക്കുള്ള സദ്യ, ഫോട്ടോകൾ കൂടാതെ വിവാഹ മണ്ഡപം എന്നിവക്കായി ഒരു ലക്ഷം രൂപയുടെ ചിലവുകളായിരിക്കും ഡിഎംഎ ഏറ്റെടുക്കുക. ആർ കെ പുരത്തെ ഡിഎംഎ സാംസ്ക്കാരിക സമുച്ചയത്തിലാവും വിവാഹം നടത്തുക. വധുവിന്റെയും വരന്റെയും കുടുംബങ്ങളുടെ വിശദാശംങ്ങളൊക്കെ തിരക്കുന്ന ചുമതല അപേക്ഷകർ സ്വയം നടത്തേണ്ടതാണ്. ഇക്കാര്യത്തിൽ ഡൽഹി മലയാളി അസോസിയേഷന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. വർഷത്തിൽ 12 വിവാഹങ്ങൾ നടത്തുകയാണ് പ്രാഥമിക ലക്‌ഷ്യം. വിവാഹത്തിനായി കൂടുതൽ അപേക്ഷകൾ ലഭിക്കുകയാണങ്കിൽ അതിനനുസൃതമായി സമൂഹ വിവാഹമായി നടത്തുന്നതിനെപ്പറ്റി ആലോചിക്കുന്നതാണ്.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്, വൈസ് പ്രസിഡന്റ്മാരായ മണികണ്ഠൻ കെവി, കെ.ജി രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ ടോണി, ട്രഷറർ മാത്യു ജോസ്, കേന്ദ്ര നിർവാഹക സമിതി അംഗം അനില ഷാജി, പശ്ചിം വിഹാർ ഏരിയ ചെയർമാൻ രാജേന്ദ്രൻ നായർ, മഹിപാൽപൂർ-കാപ്പസ്ഹേഡാ ഏരിയ ചെയർമാൻ ഡോ ടി.എം ചെറിയാൻ, ജനക് പുരി ഏരിയ ചെയർമാൻ വർഗീസ്. പി. മാമ്മൻ, പട്ടേൽ നഗർ ഏരിയ സെക്രട്ടറി പി.പി. പ്രിൻസ്, ദിൽഷാദ് കോളനി ഏരിയ സെക്രട്ടറി വി പ്രശാന്ത് കുമാർ, ആർകെ പുരം ഏരിയ വനിതാ വിഭാഗം കൺവീനർ വിദ്യാ നമ്പ്യാർ, വസുന്ധര എൻക്ലേവ് ഏരിയ വനിതാ വിഭാഗം കൺവീനർ പ്രീതാ രമേശൻ എന്നിവരെയാണ് മംഗല്യ ഭാഗ്യ സംരംഭത്തിന്റെ ഉപസമിതി അംഗങ്ങളായി തെരെഞ്ഞെടുത്തത്.
നിരവധി മനുഷ്യ സ്നേഹികൾ ഈ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സഹായ വാഗ്‍ദാനങ്ങളുമായി മുന്നോട്ടു വന്നിട്ടുണ്ടെന്നും ഇതിനായി പ്രത്യേക ഫണ്ട് സ്വരൂപിക്കുമെന്നും പ്രസിഡന്റ് കെ രഘുനാഥും അഡീഷണൽ ജനറൽ സെക്രട്ടറി കെ ജെ ടോണിയും സംയുക്തമായി പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us