/sathyam/media/post_attachments/EadU3ilTH30t9WLZ4thp.jpg)
പഞ്ചാബിൽ എംഎല്‍എമാർക്കുള്ള ഒന്നിലധികം പെൻഷൻ പുതിയ എഎപി സർക്കാർ നിർത്തലാക്കിയതോടെ പല നേതാക്കളും പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു.
ഒരു പെൻഷൻ തുകകൊണ്ട് ജീവിക്കാനാകില്ലെന്നും, ജീവിതം പൊതുപ്രവർത്തനത്തിനായി മാറ്റിവച്ചവർക്ക് പലതരം ചെലവുകളുണ്ടെന്നും പല ആവശ്യങ്ങളുമായി തങ്ങളെ കാണാൻ നിത്യവും വരുന്നവർക്ക് ചായയും ബിസ്ക്കറ്റും നൽകുന്നതിനുതന്നെ ഭരിച്ച ചിലവുണ്ടെന്നുമാണ് മുൻ എംഎല്‍എമാരുൾപ്പെടെ പലരുടെയും വാദഗതികൾ.
പ്രതിഷേധങ്ങൾക്ക് ഉരുളയ്ക്കുപ്പേരി എന്ന കണക്കെ വളരെ കർക്കശമായ മറുപടിയാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നൽകിയിരിക്കുന്നത്.
/sathyam/media/post_attachments/bVqjBxJDpiwVp8ZO2VTW.jpg)
"നിങ്ങളെയൊക്കെ ആരെങ്കിലും ക്ഷണക്കത്തയച്ചു വിളിച്ചുവരുത്തിയാണോ എംഎല്‍എ ആക്കിയത് ? 8 മുതൽ 9 പെൻഷൻവരെ പലരും വാങ്ങുന്നു. കുടുംബാംഗങ്ങൾക്കും പെൻഷൻ കിട്ടുന്നുണ്ട്. ചികിത്സ, ട്രെയിൻ യാത്ര, വിമാനയാത്ര ഒക്കെ ഫ്രീ, ഇത് ഖജനാവിന് വിലങ്ങു വീഴുന്ന പണിയാണ്. കാത്തിരിക്കൂ, ഒന്നൊന്നായി ഞാൻ ഓരോ കാര്യങ്ങളും പുറത്തുവിടും."
ഡൽഹിയിൽ എംഎല്‍എമാരുടെ അടിസ്ഥാന ശമ്പളം 12,500 രൂപ മാത്രമാണ്. ആനുകൂല്യങ്ങളുൾപ്പെടെ ലഭിക്കുന്നത് മാസം 54,000 രൂപ മാത്രം. മുൻ എംഎല്‍എമാരുടെ പെൻഷൻ കേവലം 7200 രൂപ മാത്രം. നേതാക്കൾ ജനസേവകരാകണം. ധനമോഹികളാകരുത് " ഇതായിരുന്നു ഭഗവന്ത് മാനിന്റെ വാക്കുകൾ.
5 തവണ പഞ്ചാബ് മുഖ്യമന്ത്രിയും 9 തവണ എംഎല്‍എയും ആയിരുന്ന അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ എഎപി സർക്കാർ നടപ്പാക്കിയ വൺ എംഎല്‍എ വൺ പെൻഷൻ പദ്ധതിയെ പൂർണ്ണമായും അനുകൂലിച്ചു.
എംഎല്‍എമാർ പെൻഷൻ വാങ്ങാൻ പാടില്ലെന്നും രാഷ്ട്രീയം ജനസേവയാണെന്നും അതൊരു സർക്കാർ സർവീസല്ലെന്നും പെൻഷൻ എന്നത് എംഎല്‍എ, എംപിമാരുടെ അധികാരമല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
തനിക്ക് ലഭിക്കുമായിരുന്ന 6 ലക്ഷം രൂപ പ്രതിമാസ പെൻഷൻ താൻ നിരസിച്ച വ്യക്തിയാണെന്നും വളരെ അധികനാൾ മുഖ്യമന്ത്രിയായിരുന്ന തനിക്ക് എംഎല്‍എമാരുടെ പെൻഷൻ നിരോധിക്കാനാകാത്തതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us