ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി കായലില്‍ തള്ളി, ടെക്കി യുവാവ് അറസ്റ്റില്‍! കൊലപാതകം നടന്നത് അഞ്ച് മാസം മുമ്പ്; ഒടുവില്‍ സംഭവം പുറംലോകം അറിഞ്ഞത് ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

publive-image

ഹൈദരാബാദ്: ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി കായലില്‍ തള്ളിയ ടെക്കി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഹൈദരാബാദിലെ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ തിരുപ്പതി സ്വദേശി കംസലി വേണുഗോപാലിനെ (34)യാണ് ഭാര്യ പദ്മാവതിയെ കൊലപ്പെടുത്തിയ കേസില്‍ പിടികൂടിയത്.

Advertisment

ജനുവരി അഞ്ചാം തീയതിയാണ് വേണുഗോപാല്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളിയതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് പദ്മാവതി ഭര്‍ത്താവിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ വേണുഗോപാല്‍ വിവാഹമോചന ഹര്‍ജിയും ഫയല്‍ ചെയ്തു. എന്നാല്‍ പദ്മാവതി ഇതില്‍ അനുകൂല തീരുമാനമെടുക്കാത്തതാണ് കൊലപാതകത്തിന് കാരണമായത്.

ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്ന പദ്മാവതിയെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് പറഞ്ഞ് ഇയാള്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് കൊലപാതകം നടന്നത്. ഇതിനിടെ ഭര്‍ത്താവിനൊപ്പം പോയ മകളെ അന്വേഷിച്ച് പദ്മാവതിയുടെ വീട്ടുകാര്‍ ഇടയ്ക്കിടെ വേണുഗോപാലിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പദ്മാവതി തനിക്കൊപ്പം ഹൈദരാബാദിലെ വീട്ടിലുണ്ടെന്ന് ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു.

എന്നാല്‍ മകള്‍ക്ക് ഇയാള്‍ ഫോണ്‍ നല്‍കാത്തത് പല തവണയായി ആവര്‍ത്തിച്ചപ്പോള്‍, സംശയം തോന്നിയ പദ്മാവതിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ വേണുഗോപാലിന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തിനും പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു.

Advertisment