സ്മാർട് ഫോണിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

New Update

publive-image

Advertisment

ന്യൂഡൽഹി : സ്മാർട് ഫോണുകളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടു വരുന്നു. ഐ ടി മന്ത്രാലയമാണ് നിയമത്തിൻറെ കരട് തയ്യാറാക്കിയിരിക്കുന്നത്. സ്മാർട് ഫോണുകൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ആപ്പിൾ, സാംസങ് തുടങ്ങിയ അന്താരാഷ്ട്ര ഭീമൻമാർ ഇന്ത്യൻ മാർക്കറ്റ് പിടിക്കാൻ മത്സരിക്കുമ്പോഴാണ് സർക്കാരിൻറെ പുതിയ നീക്കം. സ്മാർട് ഫോൺ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്ന ഫോണുകൾ നിർമ്മിക്കാനും അതുവഴി കൂടുതൽ ഉപഭോക്താക്കളെ നേടാനുമാണ് കമ്പോളത്തിൽ മത്സരം നടക്കുന്നത്.

എന്നാൽ ഫോണുകളിൽ മുൻകൂട്ടി ഉള്ളടക്കം ചെയ്ത ആപ്പുകൾ ഒട്ടും തന്നെ സുരക്ഷിതമല്ല എന്നാണ് സർക്കാരിൻറെ വിലയിരുത്തൽ. ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങൾ വൻതോതിൽ ചോരുന്നതിന് പല ആപ്പുകളും കാരണമാകുന്നുണ്ട്. ഇത് രാജ്യ സുരക്ഷയെ തന്നെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പുതിയ നിയമത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്.

നേരത്തെ ടിക്ടോക് അടക്കം മുന്നൂറോളം ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ഇന്തോ ചൈന അതിർത്തി സംഘർഷത്തെ തുടർന്നായിരുന്നു നിരോധനം. പല രാജ്യങ്ങളും ചൈനീസ് ആപ്പുകൾ നിരോധിച്ചിട്ടുണ്ട്. നിലവിൽ പല ആപ്പുകളും ഫോണിൽ നിന്ന് നീക്കം ചെയ്യാൻ കഴിയാത്ത വിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്. പുതിയ നിയമ പ്രകാരം സ്മാർട് ഫോൺ നിർമ്മാതാക്കൾ ആപ്പുകൾ നീക്കം ചെയ്യാനുള്ള ഓപ്ഷൻ കൂടി നൽകേണ്ടി വരും. നിയമം നിലവിൽ വന്ന് ഒരു വർഷത്തിനുള്ളിൽ സ്മാർട് ഫോൺ നിർമ്മാണ കമ്പനികൾ ഇത് നടപ്പാക്കണം. നിലവിൽ ചൈനീസ് കമ്പനികൾക്കാണ് ഇന്ത്യൻ മാർക്കറ്റിൽ മുൻതൂക്കം. തൊട്ടു പിന്നിൽ തെക്കൻ കൊറിയയാണ്. ആപ്പിളിന് കേവലം മൂന്ന് ശതമാനം മാത്രമേ ഷെയർ ഉള്ളൂ.

കഴിഞ്ഞ മാസം എട്ടാം തീയതി പുതിയ നിയമം സംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയത്തിൽ ഉന്നതതല യോഗം നടന്നതായി 'ദ എക്കണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്തു. നിയമം എത്രയും വേഗം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് സർക്കാരിൻറെ നീക്കം. പ്രമുഖ സ്മാർട് ഫോൺ നിർമ്മാണ കമ്പനികളിലെ ഉദ്യോഗസ്ഥരുമായും സർക്കാർ ചർച്ച നടത്തി കഴിഞ്ഞു. നിയമം നിലവിൽ വരുന്നതോടെ പല ആപ്പുകളും സ്മാർട് ഫോണുകളിൽ നിന്നും അപ്രത്യക്ഷമാകും.

Advertisment