കാൺപൂർ: ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് യുവാവ്. കൊലപാതകം നടത്തിയ ശേഷം ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു. ഗുജറാത്തിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഇന്ദ്രപാൽ നിഷാദ് എന്നയാൾ ആണ് തൂങ്ങിമരിച്ചത്. സമീപത്ത് ഭാര്യയെയും മകനെയും മകളെയും കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി.
കൊലപാതകങ്ങളെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചും വിവരമറിഞ്ഞ് ഇൻസ്പെക്ടർ ജനറൽ (കാൻപൂർ റേഞ്ച്) പ്രശാന്ത് കുമാർ, പോലീസ് സൂപ്രണ്ട് (കാൻപൂർ ദേഹത്ത്) ബിബിജിടിഎസ് മൂർത്തി എന്നിവരുൾപ്പെടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവത്തിന്റെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് വിദഗ്ധരെയും വിവരമറിയിച്ചിട്ടുണ്ട്.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ നിന്ന് നാട്ടിലെത്തിയ ഇന്ദ്രപാൽ ഭാര്യയെയും മക്കളെയും മർദിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്ന് പോലീസ് അറിയിച്ചു. തന്റെ ഭാര്യക്ക് ഒരു പുരുഷനുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ വെള്ളിയാഴ്ച സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്കിൽ ലൈവ് വീഡിയോ ചെയ്തതായി ഐജി കുമാർ മാധ്യമങ്ങളോട് പറഞ്ഞു. വിശദമായ അന്വേഷണം നടന്നുവരികയാണ്.