/sathyam/media/post_attachments/6yPXS2ppGIqrDbZweLYk.jpeg)
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ വ്യാപക മഴ. ഡൽഹിയിൽ കഴിഞ്ഞ 40 വർഷത്തിനിടെയിലെ റിക്കാർഡ് മഴയാണ് ലഭിച്ചത്. ഞായറാഴ്ച രാവിലെ 8:30 വരെ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 153 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഒരു ദിവസം ഡൽഹിയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചതിന്റെ റിക്കാർഡ് 1982 ജൂലൈയിലെ പെരുമഴയ്ക്കായിരുന്നു. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഉത്തരേന്ത്യയിൽ ശക്തമായ മഴയാണ്.
ഡൽഹി നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലുണ്ടായി. മണ്ടി-കുളു ദേശീയ പാതയടച്ചു. പാലം ഒലിച്ചുപോയി. മണാലിയിൽ ബിയാസ് നദി കരകവിഞ്ഞതോടെ റോഡിൽ നിർത്തിയിട്ട കാറുകൾ ഒലിച്ചുപോയി. പഞ്ചാബിലെ ഹോഷിയാർപൂരിലും കനത്ത മഴയാണ്. പുഞ്ചിൽ ഒഴുക്കിൽപ്പെട്ട് രണ്ട് സൈനികരടക്കം മഴക്കെടുതിയിൽ 17 പേർ മരണം റിപ്പോർട്ട് ചെയ്തു.
ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുന്ന ഹിമാചൽപ്രദേശിൽ പ്രളയ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ലഹോൾ സ്പിതി ജില്ലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി.
കനത്ത മഴ തുടരുന്ന, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന സംസ്ഥാനത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. റംബാനിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു ശ്രീനഗർ ദേശീയപാത അടച്ചു. മഴക്കെടുതിയിൽ രാജസ്ഥാനിൽ നാലും, ഉത്തർപ്രദേശിൽ രണ്ടും ഡൽഹിയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹി നഗരമാകെ വെള്ളക്കെട്ടിൽ മുങ്ങി. മിന്റോ റോഡ് അടച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലെഫ്. ഗവർണറുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
രാജസ്ഥാനിലെ രാജ്സമന്ദ്, ജലോർ, പാലി, അജ്മീർ, അൽവാർ, ബൻസ്വാര, ഭരത്പൂർ, ഭിൽവാര, ബുണ്ടി, ചിത്തോർഗഡ്, ദൗസ, ധൗൽപൂർ, ജയ്പൂർ, കോട്ട എന്നിവയുൾപ്പെടെ ഒമ്പതിലധികം ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.