തിരുവനന്തപുരം: നിപ വൈറസ് പരിശോധന കേരളത്തില്‍ തന്നെ നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും പൂനയിലെ ലാബിലേക്ക് സാമ്പിളുകള്‍ അയയ്ക്കണമെന്ന പിടിവാശിയിലാണ് ഒരു വിഭാഗം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍.
നിപയും കോവിഡും ഉള്‍പ്പെടെ 80 ഇനം വൈറസുകളെ കണ്ടെത്താന്‍ തിരുവനന്തപുരം തോന്നയ്ക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. എന്നിട്ടും ഇന്‍സ്റ്റിറ്റ്യൂട്ടിനെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. ഫലത്തില്‍ വെറും നോക്കുകുത്തിയായിരിക്കുകയാണ് കേരളത്തിന്റെ അഭിമാനമായി മാറേണ്ട തിരുവനന്തപുരം തോന്നയ്ക്കലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി.
നിപ അടക്കം വൈറസ് പരിശോധന തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്താമെന്നാണ് കേന്ദ്രനിര്‍ദ്ദേശം. മതിയായ പരിശോധനാ, സുരക്ഷാ സൗകര്യങ്ങളോടെ ലാബ് സജ്ജമാക്കിയതാല്‍ സംസ്ഥാന സര്‍ക്കാരിന് വൈറസ് പരിശോധന നടത്തി ഫലം പ്രഖ്യാപിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ്. എന്നാല്‍, പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് തന്നെ സാമ്പിളുകള്‍ അയക്കണമെന്നാണ് ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്.
പരമാവധി 12 മണിക്കൂറിനുള്ളില്‍ നിപ സാമ്പിള്‍ പരിശോധിച്ച് ഫലം നല്‍കാനുള്ള സംവിധാനം തോന്നയ്ക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. ആറു മണിക്കൂറില്‍ പരിശോധന കഴിയുമെങ്കിലും തുടര്‍ പരിശോധനയ്ക്കാണ് 12 മണിക്കൂര്‍ കണക്കാക്കുന്നത്. നിലവില്‍ അടിയന്തര സാഹചര്യങ്ങളില്‍ വിമാനമാര്‍ഗവും റോഡ് മാര്‍ഗവുമാണ് സാമ്പിള്‍ പൂനയിലെത്തിക്കുന്നത്. ഇതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ കേരളത്തില്‍ ചെയ്യാം.
നിപ ഉള്‍പ്പെടെയുള്ള വൈറസുകളുടെ പരിശോധനയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് സജ്ജമാണ്. അതിനുള്ള ജീവനക്കാരും മറ്റു സംവിധാനങ്ങളും ഇവിടെയുണ്ട്. നിലവില്‍ തിരുവനന്തപുരം ജില്ലയിലെ 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് സാമ്പിളുകള്‍, ബ്ലഡ് യൂറിന്‍ സാമ്പിളുകള്‍ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. സംശയിക്കുന്ന ചില രോഗങ്ങളുമായി ബന്ധപ്പെട്ട സാമ്പിളുകളും അതില്‍ ഉള്‍പ്പെടും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എസ്എടി ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകള്‍ ലഭിക്കുന്നുണ്ട്.
തോന്നയ്ക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ നിപ വൈറസ് സ്ഥിരീകരിക്കാമെങ്കിലും പരിശോധനാ ഫലം പ്രഖ്യാപിക്കാന്‍ അധികാരമില്ലാത്തതിനാലാണ് പൂനയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതെന്നാണ് മന്ത്രി വീണാ ജോര്‍ജ്ജ് നിയമസഭയില്‍ പറഞ്ഞത്. തൊട്ടുപിന്നാലെ ആരോഗ്യ മന്ത്രിയുടെ നിലപാടു തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.
സംസ്ഥാനത്തും പരിശോധനാ സംവിധാനമുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി നിപ വൈറസ് കണ്ടെത്താനുള്ള പരിശോധനയ്ക്കായി എന്തുകൊണ്ടു തോന്നയ്ക്കല്‍ വൈറോളജി ലാബിലേക്ക് അയച്ചില്ലെന്ന കാര്യം പരിശോധിക്കുമെന്ന് വ്യക്തമാക്കി. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ വൈറസ് സ്ഥിരീകരിക്കാനുള്ള പരിശോധനാ സംവിധാനം നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പിളുകള്‍ പൂനയിലേക്കയച്ചത് സാങ്കേതികം മാത്രമെന്ന ആരോഗ്യമന്ത്രിയുടെ വിശദീകരണത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.