കോഴിക്കോട്: നിപ മുക്തമായി കേരളം. ചികിത്സയിൽ കഴിഞ്ഞിരുന്ന നാല് പേരും രോഗമുക്തരായി. രോഗം പൂർണമായി ഭേദമായതിനെ തുടർന്ന് ഇവർ ആശുപത്രിവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വീട്ടിലേക്ക് അയക്കാൻ തീരുമാനിച്ചതിന് പിന്നാലെ ആരോഗ്യപ്രവർത്തകർ രോഗികളുടെ വീട്ടിലെത്തി പരിശോധന നടത്തി.
മറ്റ് രോഗങ്ങൾ ഇവർക്ക് ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. രോഗം സ്ഥിരീകരിച്ച ഉടനെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത് ഗുണം ചെയ്തു. രോഗം അതിവേഗം പ്രതിരോധിക്കാൻ ഇതുവഴി സാധിച്ചു. കൂട്ടായ പരിശ്രമത്തിലൂടെയാണ് രോഗം പൂർണമായും തുടച്ചുമാറ്റാൻ കഴിഞ്ഞത്. രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിലുണ്ട്. ഇവരുടെ നിരീക്ഷണ കാലാവധി അടുത്ത മാസം അഞ്ചിന് പൂർത്തിയാകും. 568 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും വീണാ ജോർജ് വ്യക്തമാക്കി.
കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ഒക്ടോബർ 26വരെ തുടരും. രോഗം കണ്ടെത്തി കഴിഞ്ഞ ശേഷം ആരുടെയും ജീവൻ നഷ്ടമായിട്ടില്ല. പൂനെ എൻഐഎ സംഘം അടുത്ത മാസം ആറുവരെ ജില്ലയിൽ തുടരും. വൈറസ് എത്തിയത് എങ്ങനെയാണെന്ന് പരിശോധിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.