കോഴിക്കോട്: നിപ ഭീതി ഒഴിഞ്ഞതോടെ കോഴിക്കോട് നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും. ഒമ്പതാം ദിവസവും പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് തിരുമാനം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനാണ് നിർദ്ദേശം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെയുള്ള സ്കൂളുകളാണ് നിലവിൽ തുറക്കുന്നത്.
കണ്ടെയ്മെന്റ് സോണിലെ പി എസ് സി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റിയതായി ജില്ലാ ഓഫീസർ അറിയിച്ചു. തിങ്കളാഴ്ച നടക്കാനുള്ള പരീക്ഷയുടെ (സെപ്റ്റംബര്‍ 26ന്) കേന്ദ്രങ്ങളാണ് മാറ്റിയത്. കോഴിക്കോട് ജിഎച്ച്എസ്എസ് ബേപ്പൂരിലെ സെന്റർ 1 ജിഎച്ച്എസ്എസ് കുറ്റിച്ചിറയിലേക്കും സെന്റർ 2 കാലിക്കറ്റ് ഗേൾസ് വിഎച്ച്എസ്എസ് കുണ്ടുങ്ങലിലേക്കുമാണ് മാറ്റിയിരിക്കുന്നത്. മത്സരാർത്ഥികൾക്ക് പഴയ അഡ്മിഷൻ ടിക്കറ്റുമായി പുതുക്കിയ കേന്ദ്രങ്ങളിൽ പരീക്ഷക്കെത്താമെന്നും പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
അതേസമയം 1106 നിപ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേർ നിലവിൽ ഐസൊലേഷനിലുണ്ട്. ചികിത്സയിലുള്ള 9 വയസുകാരൻ ആരോഗ്യം വീണ്ടെടുത്തു. നിലവിൽ പുതിയ രോഗികളില്ലാത്തത് ജില്ലയ്‌ക്ക് ആശ്വാസകരമാണ്.