കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്ന് പേരുടെ പരിശോധന ഫലം നെഗറ്റീവ്. മെഡിക്കല്‍ കോളജിലെ വി.ആര്‍.ഡി.എല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. നേരത്തെ പരിശോധന നടത്തിയ നാല് പേരിൽ രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ചിരുന്നു. ആകെ ഏഴു പേരാണ് നിപ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്.
മെഡിക്കല്‍ കോളജിൽ നടത്തിയ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയവരുടെ സാംപിളുകള്‍ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കില്ല.
മരുതോങ്കര കള്ളാട്ട് മുഹമ്മദലി (45), ആയഞ്ചേരി മംഗലാട്ട് ഹാരിസ് (40) എന്നിവരുടെ മരണം നിപ വൈറസ് ബാധ മൂലമെന്ന് ഇന്നലെ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. മുഹമ്മദലി ആഗസ്റ്റ് 30നും ഹാരിസ് ഇക്കഴിഞ്ഞ തിങ്കളാഴ്ചയുമാണ് മരിച്ചത്. ഹാരിസിന്‍റെ സ്രവ പരിശോധന പോസിറ്റീവായിരുന്നു. മുഹമ്മദലിയുടെ ചികിത്സയിലുള്ള ഒമ്പതു വയസ്സുകാരനായ മകൻ, 25കാരനായ ഭാര്യാ സഹോദരൻ എന്നിവർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ മുഹമ്മദലിക്കും നിപ ബാധയുണ്ടെന്ന നിഗമനത്തിലെത്തുകയായിരുന്നു.
അസ്വാഭാവിക പനി ബാധിച്ച് മുഹമ്മദലി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ബന്ധുക്കൾക്കും സമാന രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുകയായിരുന്നു. ഇതിനിടെ തിങ്കളാഴ്ച ഹാരിസിനെ കടുത്ത അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉടനെ മരിക്കുകയുമായിരുന്നു. മരിച്ച ഇരുവരും നേരത്തെ ആശുപത്രി അത്യാഹിത വിഭാഗത്തിൽനിന്ന് സമ്പർക്കമുണ്ടായിരുന്നു എന്നത് സംശയം ബലപ്പെടുത്തിയതോടെയാണ് ആരോഗ്യ വകുപ്പ് സാംപിളുകൾ പരിശോധനക്ക് അയച്ചതും നിപ സ്ഥിരീകരിച്ചതും.