കോഴിക്കോട്; നിപ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. രോഗ വ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും, അടുത്ത പത്ത് ദിവസത്തേക്ക് താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു.
കോഴിക്കോട് ജില്ലയില്‍ മരുതോങ്കര ഗ്രാമ പഞ്ചായത്തിലും, ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലും നിപ വൈറസ് രോഗം ബാധിച്ച് രണ്ട് പേര്‍ മരണപ്പെട്ടതായി സ്ഥരീകരിച്ചിട്ടുണ്ട്. നിപ വൈറസ് ബാധക്കെതിരായ മുന്‍കരുതലുകളെ കുറിച്ചും, അസുഖ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ചും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നിപ മാനേജ്‌മെന്റ് പ്ലാന്‍ പ്രകാരം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) ഇന്നും നാളെയും അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാം. യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.