തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ സംബന്ധിച്ച വിഷയം സബ്മിഷനായി നിയമസഭയില്‍ അവതരിപ്പിക്കുമ്പോഴായിരുന്നു വിമര്‍ശനം.
സംസ്ഥാനത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാംപിള്‍ പരിശോധനയ്ക്ക് അയയ്ക്കാത്തത് എന്തുകൊണ്ടാണെന്നു സതീശന്‍ ചോദിച്ചു. ഇക്കാര്യം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
'നിപ്പയുമായി ബന്ധപ്പെട്ട് ഒരു ഡേറ്റയും സര്‍ക്കാര്‍ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല. നിലവിലെ പ്രോട്ടോക്കോളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വ്യാപക പരാതിയുണ്ട്. കൂടിയാലോചന നടത്തി പുതിയ പ്രോട്ടോക്കോള്‍ തയാറാക്കണം.
നിപ്പ കൈകാര്യം ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കണം. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തില്‍ നിപ്പ സ്ഥിരീകരിച്ചിട്ടും സംസ്ഥാനത്തിനു സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല'' സതീശന്‍ പറഞ്ഞു.
സാധ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും അനാവശ്യ വിവാദങ്ങള്‍ക്കുള്ള സമയമല്ല ഇപ്പോഴെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മറുപടിയില്‍ വ്യക്തമാക്കി.
കേരളം ഒറ്റക്കെട്ടായി നിപ്പയെ നേരിടണം. സംസ്ഥാനത്ത് രണ്ട് ലാബുകളില്‍ നിപ്പ സ്ഥിരീകരിക്കാന്‍ സാധിക്കും. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സ്ഥിരീകരണം സാങ്കേതിക നടപടിക്രമമാണ്.
ഐസലേഷനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പേവാര്‍ഡില്‍ 75 മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച പ്രോട്ടോക്കോള്‍ ഉണ്ടാക്കിയെന്നും കേന്ദ്രത്തിന്റെ സഹകരണം തേടിയെന്നും മന്ത്രി പറഞ്ഞു.