കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിൽ കൂടുതല്‍ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളാക്കി.
കോഴിക്കോട് കോര്‍പറേഷനിലെ 43 (കൊളത്തറ), 44 (കുണ്ടായിത്തോട്), 45 (ചെറുവണ്ണൂര്‍ ഈസ്റ്റ്), 46 (ചെറുവണ്ണൂര്‍ വെസ്റ്റ്), 47 (ബേപ്പൂര്‍ പോര്‍ട്ട്), 48 (ബേപ്പൂര്‍), 51 (പുഞ്ചപ്പാടം) വാര്‍ഡുകളും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
നിപ സ്ഥിരീകരിച്ചയാളുടെ താമസ സ്ഥലത്ത് നിന്നും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് കണ്ടെയിന്മെന്റ് സോണുകള്‍. കണ്ടെയിന്മെന്റ് സോണുകളാക്കിയ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല.
ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തനസമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ മാത്രമായിരിക്കും. മരുന്ന് ഷോപ്പുകള്‍ക്കും ആരോഗ്യകേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല.
ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ 1,2,7,8,9,20 വാര്‍ഡുകള്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാര്‍ഡുകള്‍, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9,10,11,12,13 വാര്‍ഡുകള്‍, കാവിലും പാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാര്‍ഡുകള്‍, വില്യാപ്പള്ളി 3,4,5,6,7 വാര്‍ഡുകള്‍, ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാര്‍ഡുകള്‍, പുറമേരിയിലെ 13ാം വാര്‍ഡും നാലാം വാര്‍ഡിലെ തണ്ണിര്‍പ്പന്തല്‍ ടൗണ്‍ ഉള്പ്പെട്ടപ്രദേശവും നേരത്തെ കണ്ടെയിന്മെന്റ് സോണുകളാക്കിയിരുന്നു.