Advertisment

കോഴിക്കോട് നിപ ആദ്യം ബാധിച്ചത് ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിക്ക്. ഇവരെ ചികിത്സിച്ച ആശുപത്രിയിലെ 30 ആരോഗ്യപ്രവര്‍ത്തകരുടെ നിപ ഫലം നെഗറ്റീവ്. നിരീക്ഷണത്തിലുള്ള 83 പേരുടെ ഫലവും നെഗറ്റീവെന്ന് ആരോ​ഗ്യമന്ത്രി; നിലവിൽ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 1080 പേർ, ലിസ്റ്റിൽ മലപ്പുറം, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലക്കാരും

veena geo

തിരുവനന്തപുരം:  കോഴിക്കോട് ആദ്യം നിപ ബാധിച്ചത് ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിക്കെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുഹമ്മദലി ചികിത്സ തേടിയെത്തിയ ആശുപത്രിയില്‍ തൊണ്ടയിലെ സ്രവം ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് എന്ന് വ്യക്തമായതെന്നും മന്ത്രി പറഞ്ഞു.

Advertisment

ആദ്യത്തെ നിപ രോഗിയെ ചികിത്സിച്ച ആശുപത്രിയിലെ 30 ആരോഗ്യപ്രവര്‍ത്തകരുടെ ഫലം നെഗറ്റീവ് എന്നും മന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് മരിച്ച രണ്ടുപേര്‍ അടക്കം ആറ് പോസിറ്റീവ് കേസുകള്‍ ആണ് ഉള്ളത്. ഇവരുടെ പ്രൈമറി കോണ്‍ടാക്ടിലുള്ള 83 പേരുടെ ഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

മുഹമ്മദലിയില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നത്. അതിനിടെ സമ്പര്‍ക്കപ്പട്ടിക വീണ്ടും വിപുലീകരിച്ചു. ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെ എണ്ണം 1080 ആയി. 17 പേരാണ് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നത്.

സമ്പര്‍ക്കപ്പട്ടികയില്‍ മറ്റ് ജില്ലകളിലുള്ളവരും ഉള്‍പ്പെടുന്നു. മലപ്പുറം-22, കണ്ണൂര്‍-3, വയനാട്-1, തൃശൂര്‍- 3 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലുള്ളവരുടെ കണക്ക്. അതിനിടെ ഇന്ന് നിപ ബാധിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫറോക്ക് ചെറുവണ്ണൂരിനെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

Advertisment