Advertisment

നിപയിൽ കോഴിക്കോടിന് ആശ്വാസം; പുതിയ പോസിറ്റീവ് കേസുകളില്ല

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം നാളെ ജില്ലയിലെത്തും.

New Update
no nipah clt

കോഴിക്കോട്: നിപയിൽ കഴിഞ്ഞ ദിവസം പുതിയ പോസിറ്റിവ് കേസുകൾ ഒന്നും സ്ഥിരീകരിക്കാത്തത് കോഴിക്കോടിന് ആശ്വാസമായി. നിപ സമ്പർക്ക പട്ടികയിൽ നിലവിൽ 1,177 പേരാണ് ഉള്ളത്. ഇന്നലെ 97 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. നിപ പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ വനം വകുപ്പിന്റെ പ്രത്യേക സമിതി രൂപീകരിച്ചതായി മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം നാളെ ജില്ലയിലെത്തും.

Advertisment

രോഗബാധയുള്ളവരുമായി സമ്പർക്കത്തിൽ വന്ന അഞ്ച് പേരെ ചെറിയ ലക്ഷണങ്ങളോടെ ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടും. ചികിത്സയിലുള്ള ഒൻപത് വയസുകാരൻ വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. മറ്റുള്ള 3 പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

 ജില്ലയിൽ സപ്തംബർ 23 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ബേപ്പൂർ തുറമുഖം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അടക്കുകയും ചെയ്തു. 53 പരിശോധന ഫലങ്ങൾ ഇന്നലെ ലഭിച്ചു. നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 82 പേരാണ് ഉള്ളത്.

ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 409 ഉം ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 152 പേരുമാണ് ഉള്ളത്. രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 54 എണ്ണം ഒഴിവുണ്ട്. മൂന്ന് ഐ സി യുകളും നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുള്ളവയിൽ പെടുന്നു.

വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഏഴ് മുറികൾ വീതവും ഒഴിവുണ്ട്. വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം ഉള്ളതായി പഠനങ്ങൾ തെളിയിച്ച സാഹചര്യത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവികളായതിനാൽ വവ്വാലുകളെ പിടികൂടുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലുകൾ ആവശ്യമാണ്.

വവ്വാലുകളെ കുറിച്ചുള്ള ഗവേഷണം നടത്തിയ ശാസ്ത്രജ്ഞൻമാരുടേയും വെറ്റിനറി ഡോക്ടർമാരുടേയും ഉപദേശവും ഇക്കാര്യത്തിൽ ആവശ്യമുണ്ട്. ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻഅറിയിച്ചു.

നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപ കെ.എസ് ചീഫ് കോർഡിനേറ്ററായാണ് കമ്മിറ്റി രൂപീകരിച്ചത്. ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ഭാഗത്ത് ചത്ത നിലയിൽ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡം വനം വകുപ്പിന്റെ അഭ്യർത്ഥനപ്രകാരം മൃഗസംരക്ഷണ വകുപ്പ് പരിശോധിച്ച് സാമ്പിൾ ശേഖരിച്ചിരുന്നു.

Nipah virus
Advertisment