"തുയിലുണരും തിരുവോണം" സംഗീത ആല്‍ബം ഓഗസ്ററ് 15 ന് കെ.ജയകുമാര്‍ ഐഎഎസ് റിലീസ് ചെയ്യും

author-image
admin
New Update

publive-image

ബര്‍ലിന്‍: 1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന ശാഖയില്‍ തനതായ വ്യക്തിമുദ്രപതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രവാണി ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലിന്റെ സഹകരണത്തോടെ ഓണത്തെ സംഗീതമയമാക്കാന്‍ ഒരുക്കിയ പ്രഥമ ഉല്‍സവ ഗാനമായ "തുയിലുണരും തിരുവോണം"എന്ന തിരുവോണ ആല്‍ബം ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ദിനമായ ഓഗസ്ററ് 15 ന് ഞായറാഴ്ച റിലീസ് ചെയ്യും.

Advertisment

ഗാനത്തിന്റെ വരികള്‍ രചിച്ചത് ജോസ് കുമ്പിളുവേലിയും സംഗീതം പകര്‍ന്നത് പുതിയ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധേയനായ യുവസംഗീത സംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലിയും, ഗാനം ആലപിച്ചത് മലയാളക്കരയുടെ പ്രിയപ്പെട്ട ചിത്ര അരുണും, ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചത് മനോജ് കുന്നിക്കോടും ആണ്.

ഓണത്തിന്റെ ധന്യത ഒരിയ്ക്കല്‍ക്കൂടി ഊട്ടിയുറപ്പിയ്ക്കാന്‍ ആസ്വാദ്യതയുടെ രുചിക്കൂട്ടുമായി ഗ്രാമീണശീലിന്റെ താളത്തുടിപ്പുമായി ആവണിയില്‍ ആനന്ദത്തിന്‍ കതിരൊളി തൂകി ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരു ഉല്‍സവഗാനം ശ്രോതാക്കളിലേയ്ക്ക് എത്തുകയാണ്.ജര്‍മന്‍ സമയം വൈകുന്നേരം നാലുമണിയ്ക്ക്(ഇന്‍ഡ്യന്‍ സമയം വൈകിട്ട്7.30) പ്രശസ്തകവിയും ഗാനരചയിതാവും എഴുത്തുകാരനും, ചിത്രകാരനും കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറുമായ കെ. ജയകുമാര്‍ ഐഎഎസ് വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമില്‍ നടക്കുന്ന ചടങ്ങില്‍ കുമ്പിള്‍ ക്രിയേഷന്‍സ് യുട്യൂബ് പേജിലൂടെ റിലീസ് ചെയ്യും.

ഷാന്റി ആന്റണി അങ്കമാലി, ചിത്ര അരുണ്‍, കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി അദ്ധ്യക്ഷന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ,ജോര്‍ജ് കള്ളിവയലില്‍ (ദീപിക), സന്തോഷ് ജോര്‍ജ് ജേക്കബ്(മനോരമ ഓണ്‍ലൈന്‍), അനില്‍ അടൂര്‍ (ഏഷ്യനെറ്റ്), ബേബി മാത്യു സോമതീരം (ജീവന്‍ ടിവി), സണ്ണി മണര്‍കാട്ട് (സത്യംഓണ്‍ലൈന്‍,കുവൈറ്റ്), ഉബൈദ് എടവണ്ണ (ദുബായ്), സജീവ് പീറ്റര്‍ (കുവൈറ്റ്), ഡോ.ജോര്‍ജ് കാക്കനാട്ട് (ഹൂസ്ററണ്‍), ഷോളി കുമ്പിളുവേലില്‍ (ന്യൂയോര്‍ക്ക്),തോമസ് അറമ്പന്‍കുടി, ജോസ് പുതുശേരി (പ്രസിഡന്റ്,കേരള സമാജം കൊളോണ്‍), ജോയി മാണിക്കത്ത് (ജര്‍മനി), ജോബിന്‍ എസ് കൊട്ടാരം, ബേബി കാക്കശേരി(സ്വിറ്റ്സര്‍ലണ്ട്), കവിയും കഥാകൃത്തും എഴുത്തുകാരനുമായ കാരൂര്‍ സോമന്‍(ലണ്ടന്‍),തോമസ് അറമ്പന്‍കുടി (ജര്‍മനി)ജോളി തടത്തില്‍ (ജര്‍മനി), ജോളി എം.പടയാട്ടില്‍ (ജര്‍മനി), ഗ്രിഗറി മേടയില്‍ (ജര്‍മനി), ജോണി ചക്കുപുരക്കല്‍ (സംഗീത ആര്‍ട് ക്ളബ് കൊളോണ്‍),പോള്‍ ഗോപുരത്തിങ്കല്‍ (ജര്‍മനി)തുടങ്ങിയരും സാമൂഹ്യസാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.

പരിപാടിയുടെ ലൈവ് യൂട്യൂബിലും ബേസ്ബുക്കിലും ലഭ്യമായിരിയ്ക്കും. ചടങ്ങിലേയ്ക്ക് ധന്യത നിറയ്ക്കാന്‍ എല്ലാവരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

ലോകം പ്രതിസന്ധികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നു പോകുകയാണങ്കിലും അതിനെയൊക്കെ തരണം ചെയ്തു മുന്നോട്ടുപോകുന്ന മനുഷ്യജീവിതത്തില്‍ സംഗീതവും സംസ്ക്കാരവും ഒരിയ്ക്കലും മാറ്റിവെയ്ക്കപ്പെടുവാന്‍ ആരുംതന്നെ ഇഷ്ടപ്പെടുന്നില്ല. ഓരോ രാജ്യത്തിനും ഒരോ പ്രദേശത്തിനും ഓരോ സംസ്ക്കാരത്തിനും അവരുടേതായ പാരമ്പ്യങ്ങളും ചിട്ടവട്ടങ്ങളും ഒക്കെ നമ്മെ ഏറെ ആകര്‍ഷിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ മലയാളിയുടെ ദേശീയ ഉല്‍സവമായ തിരുവോണത്തെ മലയാളക്കരയ്ക്കും മലയാളത്തിനും സ്വദേശത്തായാലും വിദേശത്തായാലും ഒരു മലയാളിയ്ക്കും വിസ്മരിക്കാനാവില്ല. ജാതിമതഭേദമെന്യേ പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം നമ്മുടെ സംസ്കാരത്തിന്റെ തീവ്രതയെ ഉണര്‍ത്തുമ്പോള്‍ മനസിന്റെ കോണില്‍ കോറിയിടുന്ന അനുഭവങ്ങളായി വീണ്ടും മാറുകയാണ്.ഓണം മലയാളിക്ക് പ്രതീക്ഷയുടെ സന്തോഷത്തിന്റെ മാനസിക വസന്തത്തിന്റെ ഉത്സവമാണ്.

Advertisment