ഓണത്തെ അറിയാം: ഐതീഹ്യം മുതൽ ആചാരങ്ങൾ വരെ

author-image
admin
Updated On
New Update

ലയാളികളുടെ ആഘോഷങ്ങളിൽ എന്നും ഒന്നാം സ്ഥാനത്താണ് ഓണം. ജാതി-മത ഭേദമന്യേ,  നാട്ടിലായാലും മറുനാട്ടിലായാലും മലയാളികൾ ഓണം കൊണ്ടാടാറുണ്ട്. ഓണത്തിന്റെ പിന്നിലുള്ള ഐതീഹ്യം ബഹുഭൂരിപക്ഷം മലയാളിക്കും കാണാപ്പാഠമാണ്.

Advertisment

publive-image

കേരളം വാണിരുന്ന അസുരരാജാവായിരുന്ന മഹാബലിയുടെ മഹിമയിൽ അസൂയ പൂണ്ട്,  ദേവന്മാർ മഹാവിഷ്ണുവിന്റെ അടുക്കൽ പരാതിയുമായി ചെന്നതും വാമനാവതാരം എടുത്ത് മഹാവിഷ്ണു മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതുമാണ് ഓണത്തിന് പിന്നിലെ കഥ. എല്ലാ വർഷവും സ്വന്തം പ്രജകളെ കാണാൻ മഹാബലി എത്തുന്ന സമയമാണ് ഓണം.

മാവേലിമന്നനെ വരവേൽക്കാൻ പത്ത് ദിവസമാണ് ഓണാഘോഷം. ചിങ്ങമാസത്തിലെ അത്തം നാളിൽ തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് ഓണം വരവറിയിക്കുന്നത്. പിന്നീട് പത്ത് ദിവസവും പൂക്കളമിട്ടും, ഊഞ്ഞാലാടിയും, തിരുവാതിര കളിച്ചും ഓണത്തിനുള്ള സദ്യവട്ടങ്ങൾ ഒരുക്കിയും കേരളം മാത്രമല്ല മലയാളി എവിടെയൊക്കെ ഉണ്ടോ അവിടെല്ലാം ഓണനിലാവ് പരക്കും.

പൂക്കളം : പണ്ട് ദശപുഷ്പങ്ങളാണ് പൂക്കളമിടാൻ ഉപയോഗിച്ചിരുന്നത്. ചാണകം മെഴുകിയ തറയിൽ കളിമണ്ണ് കൊണ്ടുണ്ടാക്കിയ ഓണത്തപ്പനെ ഒരുക്കി ഓണം കൊണ്ടാടിയ കാലം ഓർമ മാത്രമാണ് ഇന്ന്. തമിഴ്‌നാട്ടിൽ നിന്ന് വരുന്ന ചെണ്ടുമല്ലിയും അരളിയും പൂക്കളങ്ങളുടെ മലയാളിത്തം ഇല്ലാതാക്കി എന്ന് തന്നെ പറയേണ്ടിവരും. തുമ്പയും തുളസിയും ചെമ്പരത്തിയും തൊടികളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം പൂവുകൾ തന്നെ മലയാളിക്ക് ശരണം.

സദ്യ : അവിയലും തോരനും ഏത്തയ്ക്ക ഉപ്പേരിയും ശർക്കര വരട്ടിയും പപ്പടവും പായസവും കൂട്ടി വാഴയിലയിൽ ഉണ്ണുന്ന ഓണസദ്യ, ഓണത്തിന്റെ രുചിയൂറും ഓർമയാണ്. കൂട്ടുകുടുംബങ്ങളിൽ ഒരുമയോടെ സദ്യ ഒരുക്കിയിരുന്നപ്പോൾ അതൊരു ഭാരമല്ലായിരുന്നു.

ഓണക്കോടി :

വർഷത്തിൽ ഒന്നോ രണ്ടോ തവണയായിരുന്നു പണ്ട് പുതിയ വസ്ത്രം വാങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ ഓണത്തിന് കിട്ടുന്ന പുത്തൻ ഉടുപ്പിന് വേണ്ടിയുള്ള കാത്തിരിപ്പ് സുഖമുള്ളതായിരുന്നു. എല്ലാ മാസവും പുത്തൻ വസ്ത്രങ്ങളിൽ തിളങ്ങുന്ന പുതുതലമുറയ്ക്ക് ഓണക്കോടി വലിയ വിഷയമല്ലാതായി.

ഓണക്കളികൾ :

വള്ളംകളിക്ക് ഇന്നും ആവേശം കുറഞ്ഞിട്ടില്ല. ആർപ്പോ  ഇർറോ വിളികളുമായി ഓളപ്പരപ്പുകളിൽ വള്ളംകളി മത്സരങ്ങൾ ഓണക്കാലത്ത് സുലഭം. കസവ് മുണ്ടും സാരിയും ഉടുത്തുള്ള തിരുവാതിരക്കളി, തുമ്പിതുള്ളൽ, കുമ്മാട്ടിക്കളി, പുലികളി, ഓണത്തല്ല് എന്നിങ്ങനെ പലതരം കളികൾ കൊണ്ട് സമ്പന്നമാണ് ഇന്നും ഓണക്കാലം.

ഓണപ്പാട്ടുകൾ :

"മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ" എന്ന പാട്ടാണ് ഓണം എന്ന് കേൾക്കുമ്പോൾ തന്നെ മലയാളിയുടെ ചുണ്ടിലേക്ക് മൂളിയെത്തുന്നത്. മാവേലി എന്ന രാജാവ് എത്ര നന്മ നിറഞ്ഞവനും പ്രജാതല്പരനും ആയിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ പാട്ടിന്റെ വരികൾ. കള്ളവും ചതിയും ഇല്ലാത്ത പൊളിവചനങ്ങൾ പറയാത്ത ആ മാവേലിനാട് ഇന്നത്തെ കേരളനാട്‌ തന്നെയാണോ എന്ന് സംശയിക്കണം.  അഴിമതിയും പാഴായ വാഗ്ദാനങ്ങളും മാത്രം അരങ്ങുവാഴുന്ന കേരളത്തിന് ഇനിയൊരു മാവേലിനാടാകാൻ കഴിയില്ല എന്നതാണ് സത്യം.

ആചാരങ്ങൾ :

തൃക്കാക്കരയപ്പനും ഓണപ്പൊട്ടനും ഒരുപോലെ സ്ഥാനം ലഭിക്കുന്ന നാടാണ് കേരളം. മണ്ണിൽ ഒരുക്കുന്ന ഓണത്തപ്പനെ പത്ത് ദിവസവും ആരാധിക്കുന്ന ജനവിഭാഗവും സമ്മാനങ്ങളുമായി  വീട്ടിലെത്തുന്ന പ്രത്യേക വേഷം ധരിച്ച ഓണപ്പൊട്ടനെ വരവേൽക്കുന്ന ജനവിഭാഗവും ഒരുപോലെ ഓണം കൊണ്ടാടുന്നു. മത നിരപേക്ഷതയാണ് ഓണം ഇന്നും നിലനിൽക്കാൻ പ്രധാന കാരണം. ഹിന്ദുക്കളുടെ ആഘോഷം എന്ന രീതിയിൽ കാണാതെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും എല്ലാം ഓണം ആഘോഷിക്കുന്ന കാഴ്ച ഓണത്തിന്റെ ഭംഗി കൂട്ടുന്നു.

മറുനാടൻഓണം:

ഓണം ഒരുമയുടെ ആഘോഷമായി മാറുന്നത് മറുനാട്ടിലാണ്. മലയാളി ഉള്ളിടമെല്ലാം ഓണവും ഉണ്ട്. മാവേലി മന്നനും സദ്യയും പൂക്കളവും എല്ലാം മറുനാട്ടിലും ഒരുക്കുന്നു മലയാളി. മത്സരങ്ങൾ സംഘടിപ്പിച്ചും ഒന്നിച്ചു സദ്യയുണ്ടും നാടിനെ ഓർക്കുകയാണ് അവർ.

1961 മുതലാണ് ദേശീയ ഉത്സവമായി ഓണം ആഘോഷിച്ചു തുടങ്ങുന്നത്. 10 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിനൊടുവിൽ തിരുവോണം വന്നെത്തും. മൂന്നാം ഓണവും നാലാം ഓണവും കൊണ്ടാടി ഓണക്കാലം പടിയിറങ്ങി പോകും. എന്നാലും മലയാളിക്ക് സങ്കടമില്ല. എല്ലാ വർഷവും തങ്ങളെ കാണാൻ എത്തുന്ന മാവേലിമന്നന് വേണ്ടി ഉള്ള കാത്തിരിപ്പാണ് ഇനി. അടുത്ത ഓണക്കാലത്തിനായുള്ള കാത്തിരിപ്പ്. കാലം ഏറെ മാറിയിട്ടും മലയാളി ഓണം മാത്രം മറക്കാതെ കൊണ്ടാടുന്നതിനു പിന്നിൽ ഈ കാത്തിരിപ്പിന്റെ സുഖമാണ്. പ്രളയം വന്നാലും പാലം പൊളിഞ്ഞാലും മലയാളി പ്രത്യാശ കൈവിടില്ല. കാരണം വാമനൻ ഭൂമിയോളം വളർന്നിട്ടും അഭിമാനത്തോടെ തല കാണിച്ചുകൊടുക്കാൻ തയാറായ മാവേലി മന്നന്റെ പ്രജകളാണല്ലോ നമ്മൾ.

Advertisment