ഓണം ആഘോഷിക്കാന്‍ മലയാളി ഒരുങ്ങി. പ്രകൃതി ദുരന്തങ്ങളും, മഹാമാരിയും കഴിഞ്ഞ വര്‍ഷങ്ങളിലെ ഓണാഘോഷങ്ങളുടെ നിറം കെടുത്തിയെങ്കിലും, ഇത്തവണ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഓണം നന്നായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നാമെല്ലാവരും.
ഓണത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. മഹാബലിയുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യം തന്നെയാണ് ഏറെ പ്രചാരത്തിലുള്ളത്. എന്നാല്‍ മഹാബലിയുമായി ബന്ധമില്ലാത്ത ഓണത്തെക്കുറിച്ചുള്ള മറ്റ് ഐതിഹ്യങ്ങളും നിലവിലുണ്ട്. അവയിലേക്ക്:
ശ്രാവണമാസത്തിലെ തിരുവോണനാളിലാണ് സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് എന്നാണ് ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നത്. ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഇത് ആഘോഷപൂർവ്വം അനുസ്മരിക്കുന്നതാണ് ഓണമെന്നാണ് ഒരു ഐതിഹ്യം.
വരുണനില്‍ നിന്ന് കേരള ക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്‌മണര്‍ക്ക് ദാനം നല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങി പിരിഞ്ഞു. ഇതിന് ശേഷം ബ്രാഹ്‌മണര്‍ പരശുരാമനോട് മാപ്പ് അപേക്ഷിച്ചു. മാപ്പ് സ്വീകരിച്ച പരശുരാമന്‍ വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയിൽ അവതരിക്കാമെന്ന് വാഗ്ദാനം ചെയ്തു. പരശുരാമന്‍ അവതരിക്കുന്ന ഈ ദിവസമാണ് ഓണം എന്ന സങ്കല്‍പ്പവുമുണ്ട്.
ചേരമന്‍ പെരുമാള്‍ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തു പോയത് ചിങ്ങമാസത്തിലെ തിരുവോണ നാളിലായിരുന്നു. ഈ തീർത്ഥാടനത്തെ അനുസ്മരിപ്പിക്കുന്നതാണ് ഓണമെന്നാണ് മറ്റൊരു വാദം.
തൃക്കാക്കര ഭരിച്ചിരുന്ന മന്ഥ രാജാവ് യുദ്ധവിജയത്തിന്റെ ഓര്‍മയ്ക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാന്‍ വിളംബരം പുറപ്പെടുവിച്ചതായും പറയപ്പെടുന്നു.
ആളുകള്‍ കച്ചവടം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ചിങ്ങമാസം സമൃദ്ധമായിരിക്കും അതുകൊണ്ടാണ് ചിങ്ങമാസത്തെ പൊന്നിന്‍ ചിങ്ങമാസം എന്ന് പറയുന്നത്. ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ് വാണിജ്യം പുനരാരംഭിക്കുന്നത്. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ആയി മാറിയെന്നും വാദിക്കുന്നവരുമുണ്ട്.