പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിവറേജസ് ഔട്ലെറ്റിലെ കളക്ഷൻ തുകയായ മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായി ജീവനക്കാരൻ മുങ്ങി; അന്വേഷണം ആരംഭിച്ച് പോലീസ്

New Update

publive-image

Advertisment

പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിവറേജസ് ഔട്ലെറ്റിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി. കാഞ്ഞിരത്ത് പ്രവർത്തിയ്ക്കുന്ന മദ്യവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരൻ ഗിരീഷാണ് നാല് ദിവസത്തെ കളക്ഷൻ തുകയായ മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായി മുങ്ങിയത്.

സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാഞ്ഞിരം ബിവറേജസ് മദ്യവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരനും ആലത്തൂർ സ്വദേശിയുമായ ഗിരീഷാണ് പണവുമായി മുങ്ങിയത്.

ഒക്ടോബർ 21 മുതൽ 24 വരെയുള്ള നാല് ദിവസത്തെ കളക്ഷൻ തുകയായ 31, 25, 240 രൂപയുമായാണ് ഇയാൾ കടന്നുകളഞ്ഞത്. കഴിഞ്ഞ നാല് ദിവസവും ബാങ്ക് അവധിയായതിനാലാണ് പണം അടക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പണം ചിറക്കൽപ്പടിയിലെ എസ്ബിഐ ശാഖയിൽ അടക്കാനായി ഷോപ്പ് മാനേജർ കൊടുത്തു വിട്ടപ്പോഴാണ് ഗിരീഷ് പണവുമായി മുങ്ങിയത്.

സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജർക്ക് അയച്ച ശേഷമാണ് മുങ്ങിയത്. ഇയാൾ സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചതിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി.

രണ്ട് വർഷത്തിലേറെയായി കാഞ്ഞിരം ഷോപ്പിലെ ജീവനക്കാരനാണ് ഗിരീഷ്. വാളയാര്‍ അതിര്‍ത്തിയിലാണ് ഗിരീഷിന്റെ അവസാനത്തെ ടവർ ലൊക്കേഷൻ കണ്ടെത്തിയത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫാണ്. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്.

NEWS
Advertisment