/sathyam/media/post_attachments/PiwLWCRfpkS5cMbkWEfT.jpg)
മലമ്പുഴ: പാലക്കാട് മലമ്പുഴ ഡാം ഉദ്യാന സന്ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കുടുംബത്തിൻ്റെ കാർ മന്തക്കാട് ജംങ്ങ്ഷനിൽ വെച്ച് തീപ്പിടിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം. തേങ്കുറിശി, വിളയൻചാത്തന്നൂർ പത്മാഞ്ജനത്തിൽ വിജയകുമാറിൻ്റെ ഹോണ്ട മൊബിലിയോ കാറിനാണ് ഓടികൊണ്ടിരിക്കുമ്പോൾ തീപ്പിടിച്ചത്.
കാറിനു പുറകിലായി വന്നിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കാറിൽ പുകയുയരുന്നത് കണ്ടത്. മന്തക്കാട് കവലയിലുണ്ടായിരുന്നവർ ബഹളം വെച്ച് കാർ നിർത്തിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരായി പുറത്തിറങ്ങിയതിന് ശേഷമാണ് തീ ആളിപ്പടർന്നത്.
ബോണറ്റിനുള്ളിൽ നിന്ന് തീപ്പടർന്നതാണ് കാരണം. കാറിൻ്റെ എഞ്ചിൻഭാഗം പൂർണ്ണമായും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്നവർ സമീപത്തെ കനാലിൽ നിന്നും വെള്ളം കോരിയൊഴിച്ചാണ് തീ കെടുത്തിയത്. മലമ്പുഴ പോലീസും, അഗ്നിശമന സേനാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വാഹനത്തിൽ വിജയകുമാറിനോടൊപ്പം ഭാര്യയും മക്കളും അമ്മയും, ചെറിയമ്മയുമാണ് ഉണ്ടായിരുന്നത്.