പാലക്കാട്: മരുതറോഡ് സഹകരണ ബാങ്ക് കവർച്ച നടത്തിയ പ്രതി നിഖിൽ അശോക് ജോഷി എന്ന പരേഷ് അംബുർലി ഒരു മാസത്തോളം കേരളത്തിൽ താമസിച്ച് ആസൂത്രണം നടത്തുകയായിരുന്നു.
കാസർഗോഡ് മുതൽ പാലക്കാട് വരെ യുള്ള വിവിധ സഹകരണ ബാങ്കുകൾ പ്രതി നോട്ടമിട്ടിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ഇല്ലാത്തതും, ആൾ പെരുമാറ്റം കുറഞ്ഞതുമായ ബാങ്കുൾ അന്വേഷിച്ച് ഒടുവിൽ എത്തിയത് പാലക്കാട് മരുത റോഡ് സഹകരണ ബാങ്കിൽ.
പാലക്കാട് വിവിധ ലോഡ്ജുകളിൽ റൂമെടുത്ത് താമസിക്കുകയും, പകൽ സമയം കാറിൽ സഞ്ചരിച്ച് പാലക്കാട് ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളെക്കുറിച്ച് ഗൂഗിളിൽ പരിശോധിക്കുകയും നേരിട്ട് ചെന്ന് കണ്ട് ഉറപ്പു വരുത്തുകയും ചെയ്തു.
നല്ലേപ്പുള്ളി സഹകരണ ബാങ്ക്, ചിറ്റൂർ സഹകരണ ബാങ്ക്, പുതുനഗരം സഹകരണ ബാങ്ക്, കൊടുവായൂർ സഹകരണ ബാങ്ക്, ആലത്തൂർ സഹകരണ ബാങ്ക്, വടക്കഞ്ചേരി സഹകരണ ബാങ്ക് , കൊട്ടേക്കാട് സഹകരണ ബാങ്ക്, ആറ്റാശ്ശേരി സഹകരണ ബാങ്ക്, മണ്ണാർക്കാട് സഹകരണ ബാങ്ക്, കൂടാതെ ജില്ലയിലെ വിവിധ ഇൻഷൂറൻസ് സ്ഥാപനങ്ങളെക്കുറിച്ചും, മറ്റ് ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ചും പ്രതി ഗൂഗിളിൽ സെർച്ച് ചെയ്തതായി കണ്ടെത്തി.
ഒടുവിൽ ചന്ദ്രനഗർ മേൽപ്പാലത്തിനു സമീപം സർവ്വീസ് റോഡിൽ സ്ഥിതി ചെയ്യുന്ന മരുത റോഡ് സഹകരണ ബാങ്ക് പ്രതി കവർച്ച ചെയ്യാൻ പദ്ധതിയിട്ടു. കവർച്ചക്ക് കുറച്ച് ദിവസം മുൻപ് പ്രതി ബാങ്കിൽ 2000 രൂപക്ക് ചില്ലറ വാങ്ങാനെന്ന വ്യാജേന നേരിട്ട് ചെന്ന് ബാങ്കിനകത്തെ സംവിധാനങ്ങൾ പഠിച്ചു മനസ്സിലാക്കി.
പിന്നീട് ജൂലൈ 24 ശനി രാത്രി 8.30 ന് ബാങ്കിനുളളിലേക്ക് പൂട്ടു തകർത്ത് കയറിയ പ്രതി പുലർച്ചെ 5.30 ഓടെയാണ് സ്വർണ്ണവുമായി പുറത്തിറങ്ങുന്നത്. ബാറ്ററിയിൽ പ്രവൃത്തിക്കുന്ന ഡ്രില്ലറും, ഹൈഡ്രോളിക് കട്ടറും ഉപയോഗിച്ചാണ് പ്രതി ലോക്കർ തകർത്തത്. വളരെ ക്ഷമയോടെ മണിക്കൂറുകളോളം സമയം ചിലവഴിച്ചാണ് പ്രതി കവർച്ച നടത്തിയത്.