അലനല്ലൂർ: അധ്യാപക ദമ്പതികളുടെ ആദ്യ പുസ്തകങ്ങൾ ഒരേ ദിവസം ഒരേ ആൾ പ്രകാശനം ചെയ്യുന്നു. എടത്തനാട്ടുകാര സ്വദേശികളായ ഇബ്നു അലി, സീനത്ത് അലി ദമ്പതികളുടെ ആദ്യ പുസ്തകങ്ങൾ പ്രശസ്ത കവി വീരാൻകുട്ടി ആഗസ്റ്റ് 28ന് തൃശൂർ ചാവക്കാട് ശിക്ഷക് സദൻ ഹാളിൽ പ്രകാശനം ചെയ്യും.
എടത്തനാട്ടുകര മൂച്ചിക്കൽ ഗവ. എൽ.പി. സ്‌കൂൾ അധ്യാപികയായ സീനത്ത് അലിയുടെ മതേതരത്വത്തിന്റെ ബഹുവർണങ്ങളിലേക്ക് വാക്കിന്റെ വാതിൽ തുറന്നിടുന്ന കവിതാ സമാഹാരം 'ഒറ്റമുറിയുടെ താക്കോൽ' ആണ് ഒരു പുസ്തകം. സീനത്ത് അലിയുടെ
കഥകളും കവിതകളും ആനുകാലിങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും എഴുതുന്നു.
നാട്ടിടവഴികളിലെ നഷ്ട സൗഭാഗ്യങ്ങൾ ആവിഷ്കരിക്കുന്ന ഇബ്നു അലിയുടെ 'ഓർമകളുടെ ഓലപ്പുരയിൽ' ആണ് സീനത്തിന്റെ ഭർത്താവ് ഇബ്നു അലിയുടെ പുസ്തകം. കുട്ടിക്കാലം, സ്‌കൂൾ, കോളേജ്, തൊഴിൽ രാഹിത്യം, പാരലൽ കോളേജ്, പിന്നീട് സർക്കാർ ജോലി അനുഭവങ്ങൾ എന്നിവയാണ് ഉള്ളടക്കം.ജീവിച്ച നാടിന്റെ പഴയ കാലവും ആളുകളും കഥാപാത്രങ്ങളാകുന്ന
ആത്‍മകഥാംശമുള്ള ഗൃഹാതുര സ്മരണകളാണ് ഇതിൽ നിറഞ്ഞു നിൽക്കുന്നത്.
ഇടുക്കിയിൽ സംസ്ഥാന ജി.എസ്.റ്റി. വകുപ്പ് ഡെപ്യുട്ടി കമ്മീഷണറായ മുഹമ്മദലി പോത്തുകാടൻ 'ഇബ്നു അലി' എന്ന പേരിലാണ് എഴുതാറുള്ളത്. ലോക്ക് ഡൗണ് കാലത്ത് എഴുതിയ കുറിപ്പുകളാണ് പുസ്തക രൂപത്തിലായത്. പേരക്ക ബുക്സ് പ്രസിദ്ധീകരിക്കുന്ന കവിതക്ക് കവി ആലങ്കോട് ലീലാകൃഷ്ണനും ഓർമ്മക്കുറിപ്പുകൾക്ക് സാഹിത്യകാരൻ ഡോ.എം.എൻ. കാരശ്ശേരിയുമാണ് അവതാരിക എഴുതിയത്. ഷാനി കെ കെ വി എടത്തനാട്ടുകരയാണ് കവർ ഡിസൈൻ ചെയ്തത്.
ഇ
വരുടെ മകൻ ഡോ. ജസീം അലിയുടെ സ്പോർട്സ് ലേഖനങ്ങൾ മാതൃഭൂമി സ്പോർട്സ് മാസികയിൽ അടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നുപേരുടെയും സൃഷ്ടികൾ 'ഡോക്ടറും ടീച്ചറും പിന്നെ ഞാനും' എന്ന ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു വരുന്നു. എഴുത്തും വായനയും അഭിമുഖവും അദമ്യമായ അക്ഷര സ്നേഹവും ഈ കുടുംബത്തെ ശ്രദ്ധേയമാക്കുന്നു