ശുചിത്വ മാലിന്യ സംസ്‌കരണത്തില്‍ മികച്ച നേട്ടം കൈവരിക്കാൻ ഒരുങ്ങി തച്ചമ്പാറ ഗ്രാമപഞ്ചായത്ത്. യൂസർ ഫീ കാർഡ് വിതരണോദ്ഘാടനം എംഎൽഎ കെ ശാന്തകുമാരി നിർവഹിച്ചു

New Update

publive-image

Advertisment

തച്ചമ്പാറ: മാലിന്യ സംസ്കരണം ഗ്രാമപഞ്ചായത്തിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓരോ വ്യക്തിയുടെയും ചുമതലയായി കണക്കാക്കി, അജൈവ മാലിന്യ സംസ്കരണം വ്യവസ്ഥാപിതമായി ആരംഭിക്കുകയാണ് തച്ചമ്പാറ പഞ്ചായത്തിൽ.

ഇതിന്റെ ഭാഗമായി ഹരിത കർമ്മ സേനയുടെ ഓൺലൈൻ സർവ്വേ ആരംഭിച്ചു. എല്ലാ വാർഡുകളിലും ഈ മാസം തന്നെ സർവ്വേ പൂർത്തിയാക്കും. വീട്ടിൽ ഉണ്ടാകുന്ന പ്ലാസ്റ്റിക്, ചെരുപ്പ്, ബാഗുകൾ, പഴയ തുണികൾ, കുപ്പിച്ചില്ലുകൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ, ട്യൂബ് ലൈറ്റുകൾ തുടങ്ങിയവ ഹരിതകർമസേന അംഗങ്ങൾ ശേഖരിക്കും. ഇതിനായി വീടുകളിൽ നിന്നും 30 രൂപയും കടകളിൽ നിന്നും 100 രൂപയും പ്രതിമാസം യൂസർ ഫീ ആയി നൽകണം.

ഓരോ മാസവും ശേഖരിക്കുന്നവയുടെ സ്ഥിതി വിവര കണക്ക് രേഖപ്പെടുത്താൻ കലണ്ടർ വിതരണം നടത്തി. കോങ്ങാട് എംഎൽഎ അഡ്വക്കേറ്റ് കെ. ശാന്തകുമാരി ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

പേപ്പർ, പ്ലാസ്റ്റിക്, ചെരുപ്പ്, ബാഗുകൾ പഴയതുണികൾ, മരുന്ന്സ്ലിപ്പുകൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിങ്ങനെയാണ് നിശ്ചിത ദിവസങ്ങളിലായി ശേഖരിക്കുന്നത്. ഓരോ വാർഡിലും മുപ്പതോളം മുതിർന്ന കുട്ടികളാണ് സർവ്വേ നടത്തുന്നത്. വീടുകളിൽ നേരിട്ട് എത്തി വിവരം ശേഖരിക്കുന്നു.

ഒപ്പം ഉണ്ടാവുന്ന ഹരിതകർമ്മസേന കലണ്ടർ അല്ലെങ്കിൽ യൂസർ ഫീ കാർഡ് വീടുകളിൽ നൽകും. ഈ കാർഡുകൾ വീടുകളിൽ സൂക്ഷിച്ചു വെക്കേണ്ടതാണ്. പഞ്ചായത്തിൽ നിന്നുള്ള ഏതൊരു ആനുകൂല്യത്തിനും യൂസർ ഫീ കാർഡ് ഹാജരാക്കേണ്ടിവരും.

മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കൽ കോവിഡ് വ്യാപനം തടയുന്നതിനും സഹായകമാകും.
പഞ്ചായത്ത്‌ പരിധിയിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും പ്ലാസ്റ്റിക് കത്തിക്കുന്നവർക്ക് എതിരെയും തോടുകൾ നീർച്ചാലുകൾ എന്നിവയിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് എതിരെയും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് മാലിന്യ പരിപാലന നിയമ പ്രകാരം ബൈലോ തയ്യാറാക്കി ഭരണസമിതി പാസാക്കിയിട്ടുള്ളതാണ്.

ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഈ പ്രവർത്തനങ്ങൾ ചെയ്യുന്നതിനുവേണ്ടി സുരക്ഷാ ഉപകരണങ്ങളും യൂണിഫോമുകളും കോവിഡ് വാക്സിനേഷനും പഞ്ചായത്തിൽനിന്ന് നൽകി.
നാടിന്റെ തനിമയും ജൈവവൈവിധ്യവും നിലനിർത്തിക്കൊണ്ട് വരും തലമുറയ്ക്ക് അവ പകർന്ന് നൽകേണ്ടതുണ്ട്. ഇതിനായി സാധ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻ കുട്ടി, സെക്രട്ടറി ഹരിമോഹൻ ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.

palakkad news
Advertisment