പാറക്കോട്ടിൽ നാരായണൻ എന്ന ഉണ്ണിയേട്ടന്റെ ജീവ ചരിത്ര ഗ്രന്ഥം പാലോളി മുഹമ്മദ് കുട്ടി പ്രകാശനം ചെയ്തു

New Update

publive-image

Advertisment

പെരിന്തൽമണ്ണ: എസ്എൻഡിപി യൂണിയൻ പ്രസിഡന്റും വ്യവസായ പ്രമുഖനുമായ
പാറക്കോട്ടിൽ നാരായണൻ എന്ന ഉണ്ണിയേട്ടന്റെ ജീവ ചരിത്ര ഗ്രന്ഥം അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ തദ്ദേശവകുപ്പ് മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന് നൽകി പ്രകാശനം ചെയ്തു.

പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ പി. കെ. പാറക്കടവ് പുസ്തകം പരിചയപ്പെടുത്തി. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സഈദ അധ്യക്ഷയായി. ചലച്ചിത്ര സംവിധായകനും അധ്യാപകനുമായ കെ.എസ്. ഹരിഹരൻ ഏറെ നാളത്തെ പരിശ്രമത്താൽ തയ്യാറാക്കിയതാണ് ‘ഒരു ജനകീയൻ്റെ ചവിട്ടടിപ്പാത' എന്ന ജീവചരിത്ര ഗ്രന്ഥം.

206 പേജുകളിൽ,76 അധ്യായങ്ങളും, അപൂർവ ഫോട്ടോ ശേഖരണവും പുസ്തകത്തിന് പുതിയ കെട്ടും മട്ടും നൽകുന്നുണ്ട്. പി.ശ്രീരാമകൃഷണൻ, ടി.കെ ഹംസ, പാലോളി മുഹമ്മദ് കുട്ടി, വെള്ളാപ്പള്ളി നടേശൻ, എം.എൽ.എ മഞ്ഞളാംകുഴി അലി, മുൻ എം.എൽ.എ. വി.ശശികുമാർ, ഒളപ്പമണ്ണ നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരുടെ ഹൃദയം തൊട്ട സന്ദേശങ്ങളും പുസ്തകത്തിൻ്റെ ഗരിമ കൂട്ടുന്നുണ്ട്.

കർമോൽസുകതയും, ആത്മാർത്ഥതയും, ഇച്ഛാശക്തിയും ഒത്തു ചേർന്ന് ബിസിനസ് രംഗത്തും വിദ്യഭ്യാസ മേഖലയിലും ശ്രദ്ധേയനാണ് പാറക്കോട്ടിൽ നാരായണൻ എന്ന ഉണ്ണിയേട്ടൻ. പ്രിയപ്പെട്ടവർ ഉണ്ണിയേട്ടൻ എന്ന് വിളിക്കുന്ന പാറക്കോട്ടിൽ നാരായണൻ ജീവിതപാതയിൽ വിജയത്തിൻ്റെ പുതിയ അധ്യായങ്ങൾ തുറന്നവ്യക്തിയാണ്.

കൃഷ്ണന്റെയും കല്യാണിയുടെയും മകനായി 1937 മെയ് 4ന് കരിമ്പുഴ കുറ്റ്യാനിശ്ശേരിയിൽ ജനിച്ചു. ജീവിത പാതയുടെ പരിസരം കൃഷി ആയിരുന്നെങ്കിലും കച്ചവടത്തിനായി പെരിന്തൽമണ്ണയിൽ എത്തി. കച്ചവട മേഖലയിൽ തല്പരനായിരുന്നപ്പോഴും സാമൂഹിക,സാംസ്ക്കാരിക, മണ്ഡലങ്ങളിലും ഉണ്ണിയേട്ടന്റെ ശ്രേഷ്ഠമായ വ്യക്തിത്വം പതിഞ്ഞിട്ടുണ്ട്.

പിന്നോക്കത്തിലുള്ളവരെ മുന്നോക്കാവസ്ഥയിൽ എത്തിക്കാനും, ആശയറ്റവർക്ക് കരുതലാവാനും, അർഹർക്ക് സഹായങ്ങൾ നൽകിയും, സ്ഥാപനങ്ങൾ ഒരുക്കിയും സാമൂഹ്യ നന്മയോടൊപ്പം സഞ്ചരിച്ചു എന്നതാണ് ഉണ്ണിയേട്ടനെ വ്യത്യസ്തമാക്കുന്നത്.

മലപ്പുറം ജില്ലയുടെ വിദ്യഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് എസ്എൻഡിപി അനുവദിച്ച കോളേജും പുഴക്കാട്ടിരി സിബിഎസ് ഇ സ്‌കൂളും പൊതുവിദ്യാലയവും ഇതിൽ പ്രധാനമാണ്. പിതാവിന്റെ സ്മരണാർത്ഥം തുടങ്ങിയ പി.കെ.എം.മെന്റലി റിച്ചാർഡ് സ്‌കൂൾ കരുതലിന്റെ അടയാളമാണ്.

സാധാരണക്കാരുടെയും ക്ലേശമനുഭവിക്കുന്നവരുടെയും മക്കളുടെ വിദ്യഭ്യാസ കാര്യത്തിൽ ഏറെ ഉത്സാഹിച്ചു.ആധുനിക ശ്മശാനം സ്ഥാപിച്ചും പരിപാലിച്ചും സമൂഹത്തോട് പ്രതിബദ്ധത പുലർത്തി. ലളിത ജീവിതമാണ് ഇഷ്ടപ്പെട്ടിരുന്നത്.

ഉണ്ണിയേട്ടന്റെ മഹനീയ നേതൃത്വത്തിൽ പല സ്ഥാപനങ്ങൾ വളർന്നു വന്നുവെങ്കിലും പെരിന്തൽമണ്ണ വ്യാപാരി വ്യവസായി സംഘടനയിലും സമുദായ സംഘടനയിലും അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ട്.

പെരിന്തൽമണ്ണ തസിൽദാർ ദേവകി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.പി.വാസുദേവൻ, വി. ശശികുമാർ, വാസു കോതറായിൽ, അഡ്വ. ടി. കെ. റഷീദലി, ഡോ. മുഹമ്മദ്‌, സുബ്രഹ്മണ്യൻ, കെ. പ്രേംകുമാർ, എം. ആർ. നരേന്ദ്ര ദേവ്, തുടങ്ങിയവർ സംസാരിച്ചു. അച്യുതൻ പനച്ചിക്കുത്ത് സ്വാഗതവും പാമ്പലത്ത് മണി നന്ദിയും പറഞ്ഞു.

palakkad news
Advertisment