പെരിങ്ങോട്ടുകുറുശ്ശി: കരവിരുതിൻ്റെ ചാതുര്യത്തിൽ ചിരട്ടയിൽ വിസ്മയങ്ങൾ തീർത്ത ശിൽപി ഒന്നര വർഷമായി നിർമിച്ചെടുത്ത കരകൗശല വസ്തുക്കൾ, ജീവകാരുണ്യ-സാമൂഹിക പ്രവർത്തന രംഗത്ത് വ്യത്യസ്ത മാതൃക സൃഷ്ടിച്ച പെരിങ്ങോട്ടു കുറുശ്ശി ദയ ചാരിറ്റബിൾ ട്രസ്റ്റിന് സമർപ്പിച്ചു.
തൃശൂർ ജില്ലയിലെ എളനാട് മാങ്ങോട്ടിൽ വീട്ടിൽ ജയനാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന തരത്തിൽ ചിരട്ടയിൽ തീർത്ത വൈവിധ്യമാർന്ന വസ്തുക്കൾ ദയ ട്രസ്റ്റിന് സമർപ്പിച്ചത്. ഗാന്ധിജിയുടെ രൂപം, നിലവിളക്ക്, ഫ്ലവർ ബേസ്, വിവിധ തരം കപ്പുകൾ, പക്ഷികൾ, വീണ, തബല, ഉൾപെടെ സംഗീത ഉപകരണങ്ങൾ തുടങ്ങി സ്കൂബി ഡേ ലോഗോ വരെ യുവ ശിൽപിയായ ജയൻ മനോഹരമായി ചിരട്ടയിൽ കൊത്തിയെടുത്തിട്ടുണ്ട്.
ജയന് സഹായികളായി അമ്മ ലക്ഷ്മി, ഭാര്യ പ്രമീന, മക്കളായ പ്രജിത്, ശ്രീജിത്, അഭിജിത് എന്നിവർ കൂട്ടിനുണ്ട്. ഒന്നര വർഷത്തെ നിരന്തര ശ്രമഫലമാണ് ദയ ട്രസ്റ്റിന് സമ്മാനിച്ച നൂറുക്കണക്കിന് കരകൗശല വസ്തുക്കളെന്നും, എളനാട് പ്രദേശത്തെ നിർധനനായ കുടുംബനാഥൻ്റെ കരൾ മാറ്റ ശസ്ത്രക്കിയക്ക് കാരുണ്യ വിപ്ലവം നടത്തിയ ദയ "ട്രസ്റ്റിൻ്റെ പ്രവർത്തനത്തിൽ സംതൃപ്തനായി അന്ന് തീരുമാനിച്ചതാണ് സ്വയം നിർമിച്ച കരകൗശല വസ്തുക്കൾ ദയ" ക്ക് സമർപ്പിക്കണമെന്നതും അതാണ് ഇപ്പോൾ യാഥാർത്ഥ്യമായതെന്നും യുവ ശിൽപി ജയൻ പറഞ്ഞു.
പരുത്തിപ്പുള്ളി ദയ ട്രസ്റ്റിൻ്റെ ഓഫീസിൽ വെച്ചാണ് കരകൗശല വസ്തുക്കൾ ഏൽപിച്ചത്. ദയ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ്, ട്രഷറർ ശങ്കർജി കോങ്ങാട്, വൈസ് ചെയർപേഴ്സൺ ഷൈനി രമേശ്, ട്രസ്റ്റ് അംഗം ജനാർദ്ദനൻ കോട്ടായി, ഓഫീസ് സ്റ്റാഫ് പത്മനാഭൻ എന്നിവർ ചേർന്ന് വസ്തുക്കൾ ഏറ്റുവാങ്ങി.
ജയൻ സ്നേഹത്തിൽ അലിയിച്ച് ദയക്ക് നൽകിയ കരകൗശല വസ്തുക്കൾ സ്വീകരിക്കുന്നതിൽ ഏറെ അഭിമാനവും ചാരിതാർത്ഥ്യവുമുണ്ടെന്നും ഈ വസ്തുക്കൾ ആവശ്യക്കാർക്ക് വിറ്റ് കിട്ടുന്ന സംഖ്യ ദയയുടെ ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കുമെന്നും ചെയർമാൻ ഇ.ബി. രമേശ് അറിയിച്ചു.