പാലക്കാട്:അനാവശ്യ ചെലവും പൊങ്ങച്ചവും ധൂർത്തുമായി വിവാഹങ്ങൾ മാറുമ്പോൾ മാതൃകയായി ഇതാ ഒരു വിവാഹം. മകന്റെ വിവാഹത്തിന്റെ ചെലവ് ചുരുക്കി നിരവധി പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യമൊരുക്കുന്ന പെരിങ്ങോട്ടുകുറുശ്ശി ദയ ചാരിറ്റബിൾ ട്രസ്‌റ്റിനാണ് മുൻ അഡീഷണൽ മജിസ്ട്രേറ്റ് എസ്.വിജയൻ സാമ്പത്തിക സഹായം നൽകിയത്.
വിജയൻ്റെ മകൻ ശ്രീജിത്തിൻ്റെ വിവാഹവേദിയിൽ വച്ചാണ് തുക ഏൽപിച്ചത്. സാമ്പത്തിക പരാധീനതയാൽ വിവാഹ സ്വപ്നം അകലെയായ നിരവധി പെൺകുട്ടികൾക്ക് അത്യാവശ്യ പൊന്നും വിവാഹ ചെലവും നൽകി നടത്തുന്ന ലളിത വിവാഹമാണ് ദയ ട്രസ്റ്റിന്റെ മംഗല്യ നിധി.
നിർധനരും നിരാലംബരുമായ ഏതാനും യുവതികൾക്ക് കഴിഞ്ഞ കാലയളവിൽ മംഗല്യ സൗഭാഗ്യമൊരുക്കിയിരുന്നു. മകൻ ശ്രീജിതും വധു ദൃശ്യയും ചേർന്ന് തുക ദയ ട്രസ്റ്റ് ചെയർമാൻ ഇ.ബി രമേശിനെ ഏൽപിച്ചു.
മകൻ്റെ വിവാഹ ചെലവിൽ നിന്നും ഒരു വിഹിതം അശരണരായ യുവതികളുടെ വിവാഹ സഹായ ഫണ്ടിലേക്ക് നൽകിയ എസ്. വിജയനേയും നവദമ്പതികളെയും അഭിനന്ദിച്ചു. ദയ ട്രഷറർ ശങ്കർജി കോങ്ങാട്, വൈസ് ചെയർപേഴ്സൺ ഷൈനി രമേശ്, ട്രസ്റ്റ് അംഗം ജനാർദ്ദനൻ കോട്ടായി എന്നിവർ പങ്കെടുത്തു.