പാലക്കാട്: മീഡിയ ക്ലബ് പാലക്കാട് ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരത്തിന് പട്ടത്താനം ശ്രീകണ്ഠൻ, എസ് അബ്ദുൾ ഹക്കീം, പി ആർ ഉണ്ണി, കെ ആർ സുബ്രഹ്‌മണ്യം എന്നിവർ അർഹരായതായി മീഡിയ ക്ലബ് പ്രസിഡന്റ് ജോജു ജാസ്, സെക്രട്ടറി പി വി ചന്ദ്രഹാസൻ എന്നിവർ അറിയിച്ചു.
മലയാള മനോരമ പാലക്കാട് റസിഡന്റ് എഡിറ്റർ ജോയ് ശാസ്താംപടിക്കൽ, മംഗളം ദിനപത്രം മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായിരുന്ന എം സി വർഗീസ്, ഇന്ത്യൻ എക്‌സ്‌പ്രസ് ഡെപ്യൂട്ടി എഡിറ്റർ പി അനന്തകൃഷ്ണ പിള്ള, ദേശാഭിമാനി ബ്യൂറോ ചീഫ് പി കെ ഫൽഗുനൻ എന്നിവരുടെ പേരിലാണ് പുരസ്‌കാരം. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
വീക്ഷണം, യുഎൻഎ, പിടിഐ മാധ്യമങ്ങളുടെ ജില്ലാ ലേഖകനും കൊല്ലം, പാലക്കാട് പ്രസ് ക്ലബ് പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന പട്ടത്താനം ശ്രീകണ്ഠനാണ് ജോയ് ശാസ്താംപടിക്കൽ സ്മാരക അവാർഡിന് അർഹനായത്. മാതൃഭൂമി ഒറ്റപ്പാലം പ്രാദേശിക ലേഖകൻ പി ആർ ഉണ്ണിക്കാണ് പി അനന്തകൃഷ്ണ പിള്ള പുരസ്‌കാരം. എസ് അബ്ദുൾ ഹക്കീമിനാണ് എം സി വർഗീസ് സ്മാരക പുരസ്‌കാരം.
കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയായ രമ്യ അഡ്വര്‍ടൈസിംഗ് ജനറൽ മാനേജറായിരുന്ന കെ ആർ സുബ്രഹ്‌മണ്യമാണ് പി കെ ഫൽഗുനൻ സ്മാരക പുരസ്‌കാരത്തിന് അർഹനായത്. കെ കെ പത്മഗിരീഷ്, എസ് വി അയ്യർ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.