പാലക്കാട്: പാലക്കാട് ഡിസിസി പ്രസിഡന്റ് ആരായിരിക്കണമെന്ന കാര്യത്തിൽ തർക്കം രൂക്ഷം. എ. തങ്കപ്പനും, വി.ടി ബൽറാമും അന്തിമപട്ടികയിൽ. മറ്റ് ജില്ലകളിലെല്ലാം പ്രസിഡന്റിന്റെ കാര്യത്തിൽ ഏകദേശ ധാരണയായെങ്കിലും പാലക്കാട്ട് നാല് പേർക്ക് വേണ്ടിയുള്ള ചരടുവലികളാണ് മുറുകുന്നത്.
എ. തങ്കപ്പൻ, എ.വി.ഗോപിനാഥ്, വി.ടി ബൽറാം എന്നിവർക്ക് വേണ്ടിയുള്ള ചരടുവലികളാണ് പ്രധാനമായും ഗ്രൂപ്പ് മാനേജർമാർ സജീവമാക്കിയത്. സി.വി ബാലചന്ദ്രനു വേണ്ടിയും ആളുകൾ രംഗത്തുണ്ട്. നിലവിൽ പരിഗണിക്കപ്പെടുന്നവർക്കെതിരെ ചേരിതിരിഞ്ഞ് ശക്തമായ എതിർപ്പുകളും ഉയരുന്നുണ്ട്.
ഗ്രൂപ്പിന് ഉപരിയായി സർവസമ്മതനായ ഒരാളെ ചൂണ്ടിക്കാണിക്കാൻ മുതിർന്ന നേതാക്കൾക്കും കഴിയുന്നില്ല. എ.വി.ഗോപിനാഥിനെ ഇത്തരത്തിൽ പറയുന്നുണ്ടങ്കിലും കടുത്ത എതിർപ്പാണ് അദ്ദേഹത്തിനെതിരെയും ഉയർന്നു വരുന്നത്.
വി.കെ.ശ്രീകണ്ഠൻ എംപി രാജിവച്ച് മൂന്നു മാസമായിട്ടും പ്രസിഡന്റിനെ തിരഞ്ഞെടുക്കാത്തത് പാർട്ടി പ്രവർത്തനങ്ങളെയാകെ ബാധിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് എ.തങ്കപ്പൻ, യുവ നേതാവ് വി.ടി.ബൽറാം എന്നിവരുടെ പേരാണു പ്രധാനമായും പരിഗണിക്കുന്നത്.
തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ എ.വി.ഗോപിനാഥിനെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ അനുകൂലിക്കുന്നവർ രംഗത്തുണ്ടങ്കിലും ഇതിന് സാധ്യത വളരെ കുറവാണ്. അദ്ദേഹത്തെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പേർ എഐസിസിക്കും കെപിസിസിക്കും പരാതികളയച്ചിട്ടുണ്ട്.
എ.തങ്കപ്പനു വേണ്ടിയും സജീവമായി നേതാക്കൾ രംഗത്തുണ്ടെങ്കിലും അദ്ദേഹത്തിനെതിരെയും നേതൃത്വത്തിന് പരാതികൾ ഏറെ പോയിട്ടുണ്ട്. മുൻ എംഎൽഎ വി.ടി.ബൽറാമിനെ പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നതിനെതിരായി പറയുന്നത് പാർട്ടി പ്രവർത്തനരംഗത്ത് ജില്ലയിലുടനീളം ബന്ധമില്ലന്നതാണ്.
സി.ചന്ദ്രൻ, പി.ബാലഗോപാൽ എന്നിവയാണു മറ്റു പേരുകൾ. ആരെയെങ്കിലും ഒഴിവാക്കണമെന്നോ പരിഗണിക്കണമെന്നോ താൻ ആവശ്യപ്പെട്ടില്ലെന്ന് വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. എന്നാൽ നിർണായക ഘട്ടങ്ങളിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയും ദുർബലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തവരെ ചുമതല ഏൽപിക്കുന്നത് ആലോചിച്ചു വേണമെന്നാണ് തന്റെ നിലപാടെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടന്നും വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.
എന്നാൽ ഇത് എ.വി ഗോപിനാഥിനെതിരെയുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തനിക്ക് ഉമ്മൻ ചാണ്ടിയും കെ.സുധാകരനും നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുമെന്ന ശുഭ പ്രതീക്ഷയിലാണ് എ.വി ഗോപിനാഥ്.