പാലക്കാട്: സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് മലബാര്‍ കര്‍ഷകകലാപത്തിന് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് ഹാജി ഉള്‍പ്പെടെയുള്ള 387 രക്തസാക്ഷികളെ സ്വാന്തന്ത്ര്യ സമര സേനാനികള്‍ക്കുള്ള ഡിക്ഷ്ണറിയില്‍ നിന്നും നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം ജുഗുപ്‌സാവഹമെന്ന് പോരാട്ടം സംഘടനയുടെ നേതാക്കള്‍ കുറ്റപ്പെടുത്തി.
ഇന്ത്യാ ഹിസ്റ്ററി കൗണ്‍സില്‍ ഇതിനായി നിയമിച്ച മൂന്നംഗ പരിശോധനാ സമിതിയുടെ ശുപാര്‍ശാ നടപടി ഹീനവും പ്രതിഷേധാര്‍ഹവുമാണ്. കര്‍ഷകകലാപകാരികള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ബ്രിട്ടീഷ് വിരുദ്ധമൊ,ഇന്ത്യാ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതൊ ആയ ഒന്നല്ലെന്ന കണ്ടെത്തല്‍ വിചിത്രവും അപലപനീയവുമാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ബ്രിട്ടീഷ് വിരുദ്ധമല്ല,മറിച്ച് വര്‍ഗ്ഗീയവുമായിരുന്നു എന്നാണ് പരിശോധന സമിതിയുടെ കണ്ടെത്തല്‍. 'ഇനിയിവിടെ ബ്രിട്ടീഷുകാര്‍ ഭരിക്കേണ്ടതില്ല.' എന്ന് പ്രഖ്യാപിക്കുകയും സ്വതന്ത്രമായി 'മലയാള രാജ്യം' പ്രഖ്യാപിക്കുകയുമായിരുന്നു വാരിയംകുന്നത്തിന്റെ നേതൃത്വത്തില്‍ കലാപകാരികള്‍ ചെയ്തത്.
കടുത്ത ബ്രിട്ടീഷ് വിരോധവും ജന്മി നാടുവാഴിത്ത എതിര്‍പ്പും മുറ്റി നിന്ന ഈ കര്‍ഷക കലാപത്തെ താലിബാനുമായി താരതമ്യം ചെയ്യാന്‍ പോലും ചരിത്ര കൗണ്‍സിലും അതിന്റെ കീഴിലെ പരിശോധന കമ്മറ്റിയും തയ്യാറാകുന്നുവെന്നത് പൊതുസമൂഹം ഞെട്ടലോടെയാണ് കാണുന്നത്.
തുടക്കം മുതല്‍ മലബാര്‍ കലാപത്തിനോട് വെറുപ്പും, വര്‍ഗ്ഗീയതയില്‍ അധിഷ്ഠിതമായ മുന്‍ വിധിയും വെച്ചു പുലര്‍ത്തുന്ന ആര്‍.എസ്.എസ്, സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും ഹിസ്റ്ററി കൗണ്‍സിലും ഒത്തുചേര്‍ന്ന് മലബാര്‍ കര്‍ഷക കലാപത്തെ ഇകഴ്ത്തിക്കാട്ടാനും ചരിത്രത്തില്‍ നിന്നു തന്നെ അതിനെ തുടച്ചു നീക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളികളായിരിക്കുകയാണ്.
അവരുടെ നിന്ദ്യവും ചരിത്രവിരുദ്ധവുമായ പദ്ധതി പരിശോധനാ കമ്മറ്റിയിലൂടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണ്.സ്വാതന്ത്ര്യ സമര സേനാനി എന്നതിന് എന്താണ് മാനദണ്ഡമെന്നത് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം.
സ്വാതന്ത്ര്യ സമരത്തില്‍ നിന്നും മറി നില്‍ക്കലാണോ അതോ, ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ ചെരിപ്പു നക്കലാണോ എന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ അവര്‍ക്കാകില്ല. മേല്‍പ്പറഞ്ഞ രണ്ടും നിര്‍ലജ്ജം ചെയ്ത ആര്‍.എസ്.എസ് ശക്തികള്‍ മലബാര്‍ കലാപത്തെ അളക്കാനും അതിനെ സാതന്ത്ര്യ സമര പട്ടികയില്‍ നിന്ന് മാറ്റാനും തയ്യാറാകുമ്പോള്‍ അത് അങ്ങേയറ്റം നീചമാണെന്നും പോരാട്ടം നേതാക്കളായ എം.എന്‍ രാവുണ്ണി, ഷിന്റോലാല്‍ എന്നിവര്‍ പത്രകുറിപ്പിൽ പറഞ്ഞു.