പാലക്കാട്: കേരളത്തിന്റെ പൊതു ഗതാഗതത്തെ നശിപ്പിക്കുന്ന കെ സ്വിഫ്റ്റിനെ അംഗീകരിക്കാത്തതിന്റെ പേരിൽ ജൂൺ മാസത്തിൽ നടപ്പിലാകുമെന്ന് മുഖ്യമന്ത്രി വരെ ഉറപ്പു തന്ന ശമ്പള പരിഷ്കരണം അട്ടിമറിക്കുന്ന ഇടതു സർക്കാരിന്റേയും കെഎസ്ആര്‍ടിസി മാനേജ്മെൻറിൻറേയും നീക്കം ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ ബൈജു പറഞ്ഞു.
2011 ലെ ശമ്പളത്തിന് ജോലി ചെയ്യുന്ന ജീവനക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന നടപടികളിൽ നിന്നും സർക്കാരും മാനേജ്മെൻറും പിന്മാറിയില്ലെങ്കിൽ ജീവനക്കാരെ അണിനിരത്തി ശക്തമായ സമര പരിപാടികളുമായി കെഎസ്ടി എംപ്ലോയീസ് സംഘ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് പാലക്കാട് ബിഎംഎസ് ഓഫീസിൽ വച്ചു നടന്ന ചിറ്റൂർ യൂണിറ്റ് ജനറൽ ബോഡി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് വി കണ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് വി ശിവദാസ്, ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ സുരേഷ് കൃഷ്ണൻ, ജില്ലാ സെക്രട്ടറി ടി.വി രമേഷ് കുമാർ, ട്രഷറർ പി.ആര്‍ മഹേഷ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി വി. കണ്ണൻ (പ്രസിഡൻറ്), യു.തുളസീദാസ് (സെക്രട്ടറി), എം. ഷാജുമോൻ (ട്രഷറർ), കെ.ശിവദാസൻ, സി.ശശാങ്കൻ, സി.രതീഷ് (വൈസ് പ്രസിഡൻറ്), എ.എസ്. അർജ്ജുൻ, വി.ഹരിദാസൻ, എ. ചന്ദ്രപ്രകാശ് (ജോ.സെക്രട്ടറി) എന്നിവരെ യോഗം ഐകകണ്ഠേന തെരഞ്ഞെടുത്തു.