/sathyam/media/post_attachments/pqoPErMSYL27iJHqUIZU.jpg)
കുന്നംകുളം: ഗ്രാമ വീതികളിൽ മണിയടി മുഴക്കത്തിൻ്റെ ശബദാരവത്തിൽ പഞ്ഞി മിഠായി വിറ്റ് കുടുംബം പോറ്റുന്ന മഹാരാഷ്ട്ര സ്വദേശി രാജേന്ദ്രൻ്റെ ഉന്ത് വണ്ടിയിലെ മിഠായി മധുരത്തിന് മൂന്നര പതിറ്റാണ്ട് പിന്നിടുന്നു.
1996 ൽ ഇരുപത്തിയേഴാം വയസ്സിലാണ് ഇദ്ദേഹം മഹാരാഷട്രയിലെ ലാത്തൂരിൽ നിന്ന് മിഠായി കച്ചവടത്തിനായി കേരളത്തിലെത്തിയത്. ചങ്ങരംകുളം കാഞ്ഞൂരിൽ ഇരുപത്ത് വർഷം വാടകക്ക് താമസിച്ചാണ് മിഠായി വിൽപന നടത്തി അതിഥി തൊഴിലാളി കുടുംബം പോറ്റിയിരുന്നത്.
ആദ്യകാലങ്ങളിൽ വലിയ പ്ലാസ്റ്റിക് ഭരണിയിൽ മിഠായിയുമായി കാൽനടയായി സഞ്ചരിച്ചാണ് മിഠായി വിറ്റിരുന്നത്. പെരിങ്ങോട്, കൂറ്റനാട് പെരുമ്പിലാവ്, ചാലിശ്ശേരി, കുന്നംകുളം, വെളിയംങ്കോട്, ചങ്ങരംകുളം മേഖലകളിലെല്ലാം രണ്ടാഴ്ച കൂടുമ്പോൾ മിഠായി വണ്ടി വീട്ടുമുറ്റങ്ങളിൽ എത്തും.
കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് കൈമണി കെട്ടിയ നാലു ചക്രം ഉന്ത് വണ്ടിയിലേക്ക് കച്ചവടം മാറ്റിയത്. മലപ്പുറം ജില്ലയിലെ താന്നൂരിൽ നിന്നാണ് മധുര മിഠായി എത്തിക്കുന്നത്.
എല്ലാ ദിവസവും മുപ്പത്കിലോമീറ്റർ ദൂരം യാത്രചെയ്ത് അഞ്ചു കിലോയിലധികം പഞ്ഞി മിഠായി വിൽപ്പന നടത്തും. ഒരോ പ്രദേശത്തെ എല്ലാ ഇടവഴികളിലും അറുപത്തിരണ്ടുകാരൻ്റെ മണിയടി ശബ്ദം കുട്ടികൾക്ക് ഏറെ പരിചയമാണ്.
മിഠായി വിറ്റ് കിട്ടുന്ന വരുമാനത്തിൽ നിന്നാണ് ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം മുന്നോട്ട് പോകുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷമായി കുന്നംകുളം അരിയങ്ങാടിയിലെ നായർ ഹോട്ടലിലാണ് രാത്രി താമസം.
കഴിഞ്ഞ വർഷം കോവിഡ് ലോക് ഡൗൺ തുടങ്ങിയതോടെ സ്വന്തം നാടായ മഹാരാഷ്ട്രയിലേക്ക് തിരിച്ചുപോയി. ജൂലായ് അവസാനമാണ് നാട്ടിൽ നിന്ന് കുന്നംകുളത്ത് തിരിച്ചെത്തി വീണ്ടും മിഠായി കച്ചവടത്തിൽ സജീവമായത്. ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് വിൽക്കുന്ന മിഠായി പത്ത് രൂപക്കാണ് വിൽപന നടത്തുന്നത്.
കോവിഡ് കാരണം കച്ചവടം ഏറെ പ്രതിസന്ധിയിലാണെങ്കിലും മഹാമാരി മാറുവാനുള്ള പ്രാർത്ഥനയിലാണ് കുട്ടികളുടെ മിഠായി മാമ്മൻ.
-സണ്ണി ചാലിശ്ശേരി