/sathyam/media/post_attachments/6PYx8fGaLoinCd9XayNw.jpg)
പാലക്കാട് : നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ കാല് തെറ്റി വീണ് ഒരാൾ മരിച്ചു. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോൻ (36) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തിൽപെട്ട യുവാവ് കാല് വഴുതി വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു.
പുത്തൻകുരിശിൽ നിന്നും തമ്മനത്ത് നിന്നുമായി മൂന്ന് പേരാണ് നെല്ലിയാമ്പതി സന്ദർശിക്കാനെത്തിയത്. നെല്ലിയാമ്പതിയിൽ പോയി തിരിച്ചുവരുന്നതിനിടെ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടം കണ്ട് വണ്ടി നിർത്തിയപ്പോൾ ജയ് മോൻ വണ്ടിയിൽ നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയായിരുന്നു.
വെള്ളച്ചാട്ടത്തിന് സമീപമുള്ള പാറയിൽ പിടിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ യുവാവ് കാൽ തെന്നി വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു എന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ പകർത്തുന്നതിനിടെയാണ് ജയ് മോൻ പാറയിൽ പിടിച്ച് കയറുന്നത് കണ്ടത്.
ഇയാൾ കാൽ വഴുക്കി വെള്ളത്തിലേക്ക് വീഴുന്നതും ഈ ദൃശ്യങ്ങളിൽ കാണാം. തുടർന്ന് നെന്മാറയിൽ നിന്നും നെല്ലിയാമ്പതിയിൽ നിന്നും പോലീസ് സംഘവും ആലത്തൂരിൽ നിന്ന് ഫയർഫോഴ്‌സും എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.