/sathyam/media/post_attachments/VGiIJTF0iF7BMk7iOOqZ.jpg)
പാലക്കാട്: അവശ്യവസ്തുനിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി വിലക്കയറ്റത്തിനും കരിഞ്ചന്തക്കും ഇടയാക്കി എന്ന് ബിഎംഎസ് സംസ്ഥാന ഖജാൻജി ആർ. രഘുരാജ്. പൊതുമേഖല സംരക്ഷിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് വീഴ്ച സംഭവിക്കുന്നതായും രഘുരാജ് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
അവശ്യവസ്തുനിയമത്തിലെ കേന്ദ്ര സർക്കാർ ഭേദഗതി കുത്തകകളെയും കോർപ്പറേറ്റുകളെയും സഹായിക്കുന്നതാണ്. കർഷകരെയും കാർഷിക മേഖലയെയും തകർക്കുന്ന നിയമത്തിൽ കേന്ദ്ര സർക്കാർ പുനരാലോചന നടത്തണം. രാജ്യസമ്പത്തായ പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപ്പനയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം.
കേന്ദ്രത്തിൽ നിന്നും കേരള സർക്കാർ ഏറ്റെടുത്ത പൊതുമേഖല സ്ഥാപനങ്ങളുടെ സ്ഥിതി ദയനീയമാണ്. ഇവിടെ തൊഴിലാളികൾക്ക് മാന്യമായ വേതനം ലഭിക്കുന്നില്ല. മഹാമാരികാലത്തെ വിലകയറ്റം നിയന്ത്രിക്കാൻ പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തണം.
വിലക്കയറ്റത്തിന് ആനുപാതികമായി വേതനം വർദ്ധിപ്പിക്കണം. കർഷകർക്ക് മതിയായ താങ്ങുവില ഉറപ്പാക്കണം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിൽ പ്രതിഷേധിച്ച് സെപ്തബർ 8, 9 തീയതികളിൽ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രഘുരാജ് പറഞ്ഞു.
ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി. ബാലചന്ദ്രൻ, ജില്ല വൈസ് പ്രസിഡണ്ട് കെ. സുധാകരൻ, ജില്ല സെക്രട്ടറി വി. രാജേഷ്, വി. ശിവദാസ്, എന്. രാജേന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.