/sathyam/media/post_attachments/4nFkHZC1JrUMkfSGsQx9.jpg)
പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള വാക്സിനേഷന്‍ വിതരണം നന്നേ ചുരുങ്ങിയ അളവില്‍ മാത്രമാണ് നടക്കുന്നത്. അവര്‍ക്കു വേണ്ടി നാമ മാത്രമായി ഒരുക്കുന്ന സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ വലിയ തോതിലെ തിരക്ക് വിപരീത ഫലമുളവാക്കുമെന്ന് മാനവ് മൈഗ്രന്റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ തൊഴില്‍ മേഖലകളിലും ഭാഗഭാക്കായ ഇരുപത്തിയഞ്ചു ലക്ഷത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ ലഭിച്ചു എന്ന് ഉറപ്പ് വരുത്തേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്.
കേരളത്തിന്റെ തെരുവുകളിലും അങ്ങാടികളിലും സജീവ സാനിധ്യമുള്ള ഇവരെ മാറ്റി നിര്‍ത്തിയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അര്‍ത്ഥമില്ലാതാകുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കോവിഡ് ഒന്നാം തരംഗത്തിനു ശേഷം ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ വറുതി മൂലം കേരളത്തിലേക്ക് തൊഴിലാളികള്‍ ധാരാളമായി മടങ്ങിയെത്തികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും ലോക്ഡൗണ്‍ കാലത്ത് ശേഖരിച്ച കണക്കുകളാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരിഗണിക്കുന്നത്.
വാക്‌സിന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവര്‍ക്കും ഓണ്‍ലൈന്‍ സൗകര്യങ്ങളില്ലാത്തവര്‍ക്കും വാക്സിന്‍ ലഭ്യമാക്കേണ്ടതുണ്ട്. വാക്സിനേഷന്‍ തിരക്ക് ഒഴിവാക്കാനും കൂടുതല്‍ പേര്‍ക്ക് ലഭിക്കാനും ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ഹബ്ബുകളും ലേബര്‍ ക്യാമ്പുകളും കേന്ദ്രീകരിച്ച് കൃത്യമായ ആസൂത്രണത്തോടെ നടത്തണം.
തൊഴിലാളികള്‍ പണി കഴിഞ്ഞു വരുന്ന വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളും ഉപയോഗപ്പെടുത്തി ക്യാമ്പുകള്‍ കാര്യക്ഷമമാക്കണമെന്നും മാനവ് മൈഗ്രന്റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. എക്സീക്യൂട്ടീവ് യോഗത്തില്‍ ചെയര്‍മാന്‍ പി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എംവൈ അബ്ദുല്‍ നാസര്‍ പ്രമേയം അവതരിപ്പിച്ചു.