/sathyam/media/post_attachments/kPfBdTx5JUWtzl75jEDt.jpg)
പല്ലാവൂർ: മാലിന്യക്കൂമ്പാരമായ ഇരട്ടോട് വളവ് യാത്രക്കാർക്ക് പേടിസ്വപ്നമാകുന്നതോടൊപ്പം സാംക്രമിക രോഗങ്ങൾ പകരാനുള്ള ആശങ്കയും വർധിപ്പിക്കുന്നു. നെന്മാറ-കൊടുവായൂർ മെയിൻ റോഡിൽ ഫൈവ്സ്റ്റാർ മെറ്റൽസ് ബസ്സ്സ്റ്റോപ്പിനും, ഇരട്ടോട് ബസ്സ്സ്റ്റോപ്പിനും ഇടയിലുള്ള വനമേഖലയിൽ മെയിൻ റോഡിന്റെ ഇരുവശവും, മാംസ അവശിഷ്ടങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറിയുന്നതിനാൽ ദുർഗന്ധo വമിക്കുകയാണ്.
ഈ പ്രദേശത്ത് പന്നികളുടേയും, നായ്ക്കളുടേയും ശല്യംമൂലം കൊടുംവളവായ ഈ മേഘലയിലൂടെ ഇരുചക്രവാഹനയാത്രക്കാർ എന്നും അപകട ഭീതിയോടെയാണ് കടന്നു പോകുന്നത്.
പല്ലശ്ശനപഞ്ചായത്ത് ഒന്നാം വാർഡിൽ ഉൾപ്പെട്ട ഈ പ്രദേശത്ത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഒരു വർഷത്തിനുള്ളിൽ രണ്ടുതവണ പല്ലശ്ശനപഞ്ചായത്ത് പ്രസിഡൻ്റ് കെ. രമാധരൻ്റേയും, ആരോഗ്യ വകുപ്പ് അധികൃതരുടേയും, വാർഡ് മെമ്പറുടേയും, സന്നദ്ധ പ്രവർത്തകരുടേയും നേതൃത്വത്തിൽ ജെസിബി യന്ത്രമുപയോഗിച്ച് കുഴിയെടുത്ത് മാലിന്യങ്ങളും മറ്റും മറവുചെയ്തിരുന്നു.
കുറെ ദിവസങ്ങൾക്കുശേഷം പൊതുജനങ്ങളും മറ്റും വീണ്ടും പതിവുപോലെ മാലിന്യം തള്ളി തുടങ്ങി. വിജനമായ ഈ പ്രദേശത്ത് പകൽസമയത്തും, രാത്രികാലങ്ങളിലും മാലിന്യം കൊണ്ടിടുന്നവരെ പിടികൂടാൻ കവലകളിലും, മറ്റും നീരീക്ഷണകാമറ സ്ഥാപിക്കേണ്ടത് അത്യാവശ്യമായിവന്നിരിക്കുകയാണെന്നും, അതിനുള്ള സത്വര നടപടികൾ സ്വീകരിക്കുമെന്നും പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റ് സായ് രാധ അഭിപ്രായപ്പെട്ടു.
-രാമദാസ് ജി. കൂടല്ലൂർ