പാലക്കാട്: സവർക്കറെയും ഗോൾവാക്കറെയും അനുകൂലിച്ച എസ്എഫ്ഐക്കെതിരെ കെഎസ്‌യുവിന്‍റെ പ്രതിഷേധം. കേരള യുണിവേഴ്സിറ്റി യൂണിയൻ ചെയർമാന് കാക്കി ട്രൌസർ അയച്ചുകൊടുത്തുകൊണ്ടായിരുന്നു കെഎസ്‌യുവിന്‍റെ പ്രതിഷേധം.
കെഎസ്‌യുവിന്‍റെ പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഡോ. സരിൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര ചരിത്രത്തെയും സ്വാതന്ത്ര്യ ദിനാഘോഷത്തെയും അകറ്റി നിർത്തിയിരുന്നവരാണ് ആർഎസ്എസും സിപിഎമ്മും സവർക്കറെയും ഗോൾവാൾക്കറെയും പാഠ്യപദ്ധതിയിലുൾപ്പെടുത്തിയതോടെ ഇവരുടെ രഹസ്യ ബാന്ധവം പരസ്യമായി എന്നു മാത്രം.
ആർഎസ്എസും സിപിഎമ്മും എന്നും ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളാണ്. സവർക്കറെയും ഗോൾവാൾക്കറെയും അംഗീകരിച്ച എസ്എഫ്ഐക്ക് ചേരുന്നത് കാക്കി ട്രൗസർ തന്നെയാണ്. 5 വർഷത്തിലേറെയായി സൈലൻ്റ് ഫെഡറേഷനായിരുന്നവർ ഇപ്പോൾ സവർക്കർ ഫെഡറേഷനായി. വാചകം കൊണ്ട് വഴിതെറ്റിക്കുന്ന നയം സിപിഎമ്മും എസ്എഫ്ഐയും എക്കാലവും തുടരും.
ഈ നയത്തെ ചെറുക്കാൻ കെഎസ്‌യു പ്രാപ്തമാണെന്നും ഡോ. സരിൻ പറഞ്ഞു. ഹെഡ്പോസ്റ്റോഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. അജാസ്, വൗജവിജയകുമാർ, നിഖിൽ കണ്ണാടി, വിഷ്ണു, ശ്യാം ദേവദാസ് എന്നിവർ നേതൃത്വം നൽകി.