പാലക്കാട്: ഇന്ധന വിലവർദ്ധിപ്പിക്കലിലൂടെ മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നത് നികുതി ഭീകരതയാണെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എംഎൽഎ. 'സവർക്കറിനും ഗോൾവാൾക്കർക്കും പഠിക്കാൻ എസ്എഫ്ഐ പറയുമ്പോൾ മോദിക്ക് പഠിക്കാനാണ് പിണറായി പറയുന്നതെന്നും ഷാഫി പറമ്പിൽ എംഎൽഎ.
ഇന്ധന വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ അടുപ്പുകൂട്ടി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ എംഎൽഎ. യുപിഎക്കാലത്ത് ഇന്ധന വില വർദ്ധിപ്പിച്ചപ്പോൾ രാജ്യ വ്യാപക പ്രക്ഷോഭം നടത്തിയവരാണ് രാജ്യം ഭരിക്കുന്നത്. ക്രൂഡോയിലിന് യുപിഎ കാലത്തേക്കാളും ഇന്ന് വില കുറഞ്ഞു. എന്നിട്ടും 55 രൂപയിലധികം നികുതിയിനത്തിൽ നൽകേണ്ട യവസ്ഥയാണ്.
ഇന്ധന വിലയേക്കാൾ അധികമാണ് ഇന്ധന നികുതി. നികുതി രാജ്യതാൽപര്യം സംരക്ഷിക്കാനുമല്ല. വരുമാനമില്ലാത്ത കാലത്ത് ജോലിയില്ലാത്ത കാലത്താണ് മോദി നികുതി ഭീകരത നടപ്പിലാക്കുന്നത്. പൊതുജനത്തിന് പ്രതിഷേധിക്കാനുള്ള പരിമതികളെ ചൂഷണം ചെയ്യുകയാണ് കേന്ദ്ര കേരള സർക്കാർ ചെയ്യുന്നത്.
മൗനിയായിരിക്കാൻ യൂത്ത് കോൺഗ്രസ്സിന്ന് കഴിയില്ല. യൂത്ത് കോൺഗ്രസ്സ് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.
ജില്ല പ്രസിഡണ്ട് ടി.എച്ച്.ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഡോ: സരിൻ, കൊല്ലം അരുൺ രാജ്, സജേഷ് ചന്ദ്രൻ, കെ.എം. ഫെബിൻ, ജസീർ മൂടോട്ട്, പ്രശോഭ്, സുധ, ബുഷറ എന്നിവർ സംസാരിച്ചു. ഹെഡ്പോസ്റ്റോഫീസിന് മുമ്പിലായിരുന്നു അടുപ്പുകൂട്ടി സമരം.