നെല്ലിയാമ്പതി കേശവൻപാറ സന്ദർശകർക്ക് വനം വകുപ്പിന്റെ നിയന്ത്രണം; പ്രദേശവാസികൾ പ്രതിഷേധിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

നെല്ലിയാമ്പതിയിൽ കേശവൻപാറ വ്യൂ പോയിന്റിലേക്കുള്ള ഗേറ്റ് വനംവകുപ്പ് അടച്ചപ്പോൾ

നെല്ലിയാമ്പതി: വിനോദസഞ്ചാരകേന്ദ്രമായ നെല്ലിയാമ്പതിയിലെ കേശവൻപാറ വ്യൂ പോയിന്റ് കവാടം വനംവകുപ്പ് താഴിട്ടു പൂട്ടി നിയന്ത്രണം ഏർപ്പെടുത്തി. ഇതേ തുടർന്ന് പ്രദേശത്തെ വ്യാപാരികളും, ജീപ്പ്, ഓട്ടോ, ഡ്രൈവർമാരും വനംവകുപ്പ് ജീവനക്കാരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു.

മുന്നറിയിപ്പില്ലാതെ അനിയന്ത്രിതമായി വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതിനെതിരെ ഇന്ന് നെല്ലിയാമ്പതിയിൽ എത്തിയ നിരവധി വിനോദസഞ്ചാരികളും പ്രതിഷേധിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കേശവൻ പാറയിലേക്കുള്ള പ്രവേശന കവാടത്തിൽ വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള ഗേറ്റ് അടച്ചുപൂട്ടിയത്.

കഴിഞ്ഞ ഡിസംബറിൽ സീതാർകുണ്ട് വ്യൂ പോയിന്റിൽ ഉണ്ടായ അപകടത്തെ തുടർന്ന് വ്യൂ പോയിന്റ് പ്രദേശം ഭാഗികമായി അടച്ചു കെട്ടിയിരുന്നു. നെല്ലിയാമ്പതി മലമുകളിൽ നിന്ന് നോക്കിയാൽ കാണുന്ന പാലക്കാടൻ ഗ്രാമീണതയുടെ പച്ചപ്പ് കണ്ട് ആസ്വദിക്കാൻ കഴിയുന്ന 3 പ്രദേശങ്ങളാണ് കേശവൻ പറയും സീതാർകുണ്ടും മാമ്പാറയും.

കേശവൻ പാറയിൽനിന്നു നോക്കിയാൽ പോത്തുണ്ടി അണക്കെട്ട് മുതൽ പടിഞ്ഞാറ് കുതിരാൻ മല വരെയുള്ള വിശാലദൃശ്യം കാണാൻ കഴിയുന്ന വ്യൂ പോയിന്റ് ആണ് നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരെത്തി താഴിട്ടത്.

നെല്ലിയാമ്പതിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇപ്പോൾ സ്വതന്ത്രമായി വിദൂര പ്രകൃതിദർശനം നൽകുന്ന രണ്ടു പ്രദേശങ്ങളാണ് സീതാർകുണ്ടും കേശവൻ പാറയും നിരവധി സിനിമകൾക്ക് ലൊക്കേഷൻ കൂടിയായ കേശവൻപാറ അടച്ചുകെട്ടി നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ നെല്ലിയാമ്പതിയിലെ വ്യാപാരികളും ജീപ്പ്, ഓട്ടോ, വാഹനയുടമകളും യാത്രക്കാരും നെല്ലിയാമ്പതിയുടെ ടൂറിസം മേഖലയെ വനംവകുപ്പ് തകർക്കുകയാണെന്ന് ആരോപിച്ചു.

സീതാർകുണ്ട് കൂടാതെ നേരത്തെ വിനോദസഞ്ചാരികളെ കയറ്റി വിട്ടിരുന്ന മാമ്പാറ ഏതാനും വർഷങ്ങൾക്കുമുമ്പ് വനംവകുപ്പ് മുടന്തൻ ന്യായം പറഞ്ഞു വിനോദ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിരുന്നു. അതേപോലെ കുരിശുമല, വിക്ടോറിയക്ക്‌ അടുത്തുള്ള പറമ്പിക്കുളം ഡാമുകൾ വരെ കാണാൻ കഴിയുന്ന കുരിശുപള്ളി, റോസറി തുതമ്പാറ എസ്റ്റേറ്റുകൾ വനംവകുപ്പ് ഏറ്റെടുത്തതോടെ, പകുതി പാലം വരെയുള്ള യാത്രകളും വനംവകുപ്പ് നിയന്ത്രണമേർപ്പെടുത്തി.

സുരക്ഷയുടെയും റോഡ് ഗുണനിലവാരത്തിന്റെയും പേര് പറഞ്ഞു ആന മടയിലേക്ക് സഫാരി ജീപ്പ് മാത്രം സർവീസ് വാഹന വകുപ്പിന്റെ അനുമതിയുള്ള വാഹനങ്ങൾക്ക് മാത്രമായി ചുരുക്കി. കുടുംബസമേതമെത്തുന്ന വിനോദസഞ്ചാരികളെ നെല്ലിയാമ്പതിയിൽനിന്ന് അകറ്റുന്ന നയമാണ് വനംവകുപ്പ് സ്വീകരിച്ചുവരുന്നത്.

വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ അറിയാതെ പലരും നിരാശയോടെ മടങ്ങേണ്ട സ്ഥിതിയായി. കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷം തുറന്ന നെല്ലിയാമ്പതി മുന്നറിയിപ്പില്ലാതെ അടച്ചതിൽ വിനോദസഞ്ചാരികൾ പരാതിപ്പെട്ടു.

നെല്ലിയാമ്പതിയിലെ കേശവൻ പാറയിൽ മഴമൂലം വ്യൂ പോയിന്റ് പ്രദേശത്ത് വഴുക്കൽ ഉള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും കേശവൻ പാറയ്ക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ബാരിക്കേട് ബലക്ഷയം നേരിട്ടതിനാലുമാണ് സന്ദർശക വിലക്ക് ഏർപ്പെടുത്തിയതെന്ന് നെല്ലിയാമ്പതി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അറിയിച്ചു.

മഴ മാറിയാൽ കേശവൻപാറ വീണ്ടും തുറന്നു കൊടുക്കുമെന്നും സുരക്ഷാ ബാരിക്കേട് പുതുക്കിപ്പണിയും എന്നും അദ്ദേഹം പറഞ്ഞു.

palakkad news
Advertisment